കുമ്പള: കുമ്പള സ്‌കൂള്‍ കലോത്സവം സ്‌കൂളിനുള്ളില്‍ അരങ്ങേറിക്കൊണ്ടിരിക്കെ സ്‌കൂളിനു പുറത്തു രാഷ്ട്രീയക്കാര്‍ മത്സരിച്ചു മുദ്രാവാക്യം വിളിച്ചു.
ബിജെപി ഒറ്റക്കു മുദ്രാവാക്യം വിളിച്ചപ്പോള്‍ സിപിഎമ്മും എസ്.ഡി.പി.ഐ.യും മുസ്ലീംലീഗും സംഘം ചേര്‍ന്നു മുദ്രാവാക്യം മുഴക്കി. മുദ്രാവാക്യങ്ങളുടെ പ്രമേയം ഒന്നായിരുന്നു-വര്‍ഗീയത. വര്‍ഗീയതക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി നടന്ന മുദ്രാവാക്യം വിളികള്‍ ആവേശം കൊണ്ട് ഒന്നിനൊന്നു മികച്ചു നിന്നു.
സ്‌കൂളിലെ കലാമത്സരം കാണാന്‍ വിദ്യാര്‍ത്ഥികള്‍ കാണികളായിരുന്നു. വര്‍ഗീയതക്കെതിരെ സ്‌കൂള്‍ ഗ്രൗണ്ടിനു പുറത്തു നടന്ന മുദ്രാവാക്യമത്സരം നാട്ടുകാര്‍ സാകൂതം വീക്ഷിച്ചു. രാഷ്ട്രീയക്കാര്‍ വിദ്യാര്‍ത്ഥികളെ കണ്ടുപഠിക്കട്ടെ എന്നു കാണികളില്‍ ചിലര്‍ അഭിപ്രായ പ്രകടനം നടത്തുന്നുണ്ടായിരുന്നു. എല്ലാവരും വര്‍ഗീയതക്കും വര്‍ഗീയ പ്രീണനത്തിനുമെതിരെ മുദ്രാവാക്യം മുഴക്കുമ്പോള്‍ ഒരുമിച്ചു പോരായിരുന്നോ എന്നു ചിലര്‍ സംശയം പ്രകടിപ്പിച്ചു. മുഴങ്ങുന്ന മുദ്രാവാക്യം, ദിഗന്തങ്ങളെ വിറപ്പിക്കുമായിരുന്നെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ടായിരുന്നു.
പൊലീസ് നേരത്തെ ലക്ഷ്മണരേഖ വരച്ചതുകൊണ്ട് ആവേശം അതു മറികടക്കാന്‍ മടിച്ചു നിന്നു. ബി ജെ പി മാര്‍ച്ചില്‍ മേഖലാ പ്രസിഡന്റ് വിജയറൈ, യുവ മോര്‍ച്ച ജില്ലാ പ്രസിഡന്റ് അശ്വിന്‍ പ്രസംഗിച്ചു. സി പി എം -എസ് ഡി പി ഐ- ലീഗു പ്രതിഷേധത്തിനു ലീഗ് നേതാക്കളായ സനീര്‍ കുമ്പള, എ ബി ഹനീഫ്, സി പി എം നേതാക്കളായ ഹൈറാത്ത്, അബ്ദുള്ള, എസ് ഡി പി ഐ നേതാക്കളായ പഞ്ചായത്തു മെമ്പര്‍ അന്‍വര്‍, നാസര്‍ നേതൃത്വം നല്‍കി. അല്‍പ്പനേരത്തിനു ശേഷം എല്ലാവരും ശാന്തരായി മടങ്ങി.

