കണ്ണൂര്‍: ന്യൂമാഹിയില്‍ മോഷണശ്രമത്തിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. മോഷ്ടാവിനൊപ്പം ഉണ്ടായിരുന്ന കണ്ണൂര്‍ സ്വദേശി ബഷീര്‍ പിടിയിലായി. ശനിയാഴ്ച വൈകീട്ട് പെരിങ്ങാടി മമ്മി മുക്കില്‍ വച്ചാണ് സംഭവം. ന്യൂ മാഹി സ്വദേശി മുസ്തഫയെ തടഞ്ഞു നിര്‍ത്തി പണവും മൊബൈല്‍ ഫോണും കവര്‍ന്ന ശേഷം സംഘം രക്ഷപ്പെടുന്നതിനിടെയാണ് അപകടം ഉണ്ടായത്. മുസ്തഫ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതികള്‍ക്കായി തിരച്ചില്‍ നടത്തി വരവെയാണ് പെരിങ്ങാടി റെയില്‍വെ ഗേറ്റിന് സമീപം ഒരാളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഇയാളുടെ കൂടെ ഉണ്ടായിരുന്ന കണ്ണൂര്‍ തയ്യില്‍ സ്വദേശി ബഷീറിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ന്യൂ മാഹി പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
