വാഗമണ്‍: കേന്ദ്ര മന്ത്രി സുരേഷ് ഗോപി അഭിനയിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ നടന്ന കൃത്രിമ സ്‌ഫോടനം നാട്ടുകാരില്‍ പരിഭ്രന്തി പരത്തി. ഉഗ്ര ശബ്ദം കേട്ട് വീടുകളിലുണ്ടായിരുന്ന ആളുകള്‍ ഇറങ്ങിയോടി. വെള്ളിയാഴ്ച രാവിലെ അഞ്ചരയ്ക്കും ആറിനും ഇടയിലാണ് സംഭവം നടന്നത്. വാഗമണ്ണിലെ ഫാക്ടറിയ്ക്ക് സമീപത്താണ് പൊട്ടിത്തെറിയുണ്ടായത്. സെറ്റിലെ കെട്ടിടത്തിന്റെ മാതൃക വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. പ്രതീക്ഷിക്കാത്ത സമയത്തുണ്ടായ വന്‍ശബ്ദം കേട്ട് പലരും ഭൂമികുലുക്കമെന്ന് കരുതി വീടുകളില്‍ നിന്ന് പുറത്തേക്കോടുകയായിരുന്നു. പിന്നെയാണ് ഇത് സുരേഷ് ഗോപി നായകനായ സിനിമയുടെ ഭാഗമായി നടത്തിയ പൊട്ടിത്തെറിയാണെന്ന് മനസിലാക്കിയത്. രോഷാകുലരായ നാട്ടുകാര്‍ ചിത്രീകരണ സ്ഥലത്തെത്തി പ്രതിഷേധം നടത്തി. ഒരു തമാശയായി കരുതണമെന്നാണ് അണിയറപ്രവര്‍ത്തകര്‍ നാട്ടുകാരോട് അഭ്യര്‍ഥിച്ചത്. സംഭവമറിഞ്ഞ് പൊലീസ് എത്തും മുമ്പേ ഷൂട്ടിങ് സംഘം സ്ഥലത്തു നിന്ന് ചിത്രീകരണം അവസാനിപ്പിച്ച് സ്ഥലം വിട്ടു. അതേസമയം സുരേഷ് ഗോപി സൈറ്റിലുണ്ടായിരുന്നില്ല.
കുറച്ചുദിവസങ്ങളായി വാഗമണിലും പരിസരത്തും ഈ സിനിമയുടെ ചിത്രീകരണം നടക്കുന്നുണ്ടായിരുന്നു
