കാസര്‍കോട്: അപകടനിലയിലായതിനെത്തുടര്‍ന്നു ജില്ലാ കളക്ടര്‍ അടച്ചിട്ട കുമ്പള കഞ്ചിക്കട്ട പാലത്തിന്റെ ഇരുഭാഗത്തും സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് മതിലുകള്‍ ശനിയാഴ്ച രാത്രി തകര്‍ത്തു കാട്ടിലെറിഞ്ഞു. ഒന്നര വര്‍ഷത്തോളമായി പാലം അടച്ചിരുന്ന മതില്‍ തകര്‍ന്നതോടെ ലോറി, ടിപ്പര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പാലത്തിലൂടെ ഓടിത്തുടങ്ങി.
പാലം അപകട നിലയിലായെന്നു നാട്ടുകാര്‍ മുറവിളി കൂട്ടിയതോടെ ഒന്നര വര്‍ഷം മുമ്പു ജില്ലാ കളക്ടര്‍, മൈനര്‍ ഇറിഗേഷന്‍, മരാമത്തു വിഭാഗങ്ങള്‍ പാലം സന്ദര്‍ശിച്ചു. ഏതു നിമിഷവും പാലം തകരാമെന്നു ജില്ലാ കളക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിപ്പോര്‍ട്ടിനെത്തുടര്‍ന്നു പാലത്തിലൂടെയുള്ള വാഹന ഗതാഗതം തടയാന്‍ ജില്ലാ കളക്ടര്‍ കുമ്പള പഞ്ചായത്തിനോടു നിര്‍ദ്ദേശിച്ചു. പഞ്ചായത്ത് പാലത്തിന്റെ ഇരു കരകളിലും പാലത്തില്‍ വാഹനങ്ങള്‍കടക്കാത്ത വിധം പാലം കോണ്‍ക്രീറ്റ് ചെയ്ത് അടച്ചു.
ഒന്നരവര്‍ഷമായി പാലം പണിഞ്ഞു ഗതാഗതം പുനഃസ്ഥാപിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. പാലം നിര്‍മ്മാണത്തിന് ഇരു ഭാഗത്തും സ്ഥലം ആവശ്യമുണ്ടെന്ന അധികൃതരുടെ അറിയിപ്പിനെത്തുടര്‍ന്നു നാട്ടുകാര്‍ അഞ്ചു ലക്ഷം രൂപയോളം പിരിച്ച് പാലത്തിന്റെ ഒരു വശത്തു പഞ്ചായത്തിന്റെ പേരില്‍ വസ്തു രജിസ്റ്റര്‍ ചെയ്തു കൊടുത്തു. മറുഭാഗത്തുള്ള സ്ഥലവും പഞ്ചായത്തിന്റെ പേരില്‍ വിലക്കു വാങ്ങാന്‍ ശ്രമം പുരോഗമിക്കുന്നുണ്ട്. ഇതിനിടയില്‍ പാലത്തിന് 27കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും പറയുന്നു. ഇതിനിടയിലാണ് ഇന്നലെ രാത്രി പാലത്തിന്റെ അടപ്പ് ആരോ തകര്‍ത്തു തെറിപ്പിച്ചതെന്നു പറയുന്നു.
പാലത്തിലൂടെ ഭാരമേറിയ വാഹനങ്ങള്‍ ഓടുന്നതു സുരക്ഷിതമല്ലെന്നു നാട്ടുകാരും പറയുന്നുണ്ട്.
