കാസർകോട്: മൂല്യ ച്യുതിക്കും അധാർമ്മികതക്കുമെതിരെ കേരള മാർഗ്ഗനിർദ്ദേശക മണ്ഡലം ധർമ്മ സന്ദേശയാത്ര ചൊവ്വാഴ്ച കാസർകോട്ട് നിന്നു പ്രയാണമാരംഭിക്കും. മൂന്നു മണിക്കു താളിപ്പടപ്പു മൈതാനിയിൽ നടക്കുന്ന ഉദ്ഘാടന മഹാസംഗമത്തിൽ ചിദാനന്ദപുരി സ്വാമികൾ മുഖ്യ പ്രഭാഷണം നടത്തും . യാത്ര ഒക്ടോബർ 21 നു തിരുവനന്തപുരത്തു സമാപിക്കും. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ധാർമ്മിക മഹാസംഗമങ്ങൾ നടത്തും. അടുത്ത കാലത്തായി സംസ്ഥാനത്തു മൂല്യച്യുതിയും അധാർമ്മികതെയും രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്നു സ്വാമി വിവിക്താനന്ദ സരസ്വതി, സ്വാമി സദ് സ്വരൂപാനന്ദ സരസ്വതി, മധുസൂദനൻ ആയർ, സ്വാമി തത്വാനന്ദ സരസ്വതി, ബ്രഹ്മചാരിണി ദിശാചൈതന്യ, സാധു വിനോദ് ജി , ബ്രഹ്മചാരി വേദ വിദ്യാ ചൈതന്യ, ബ്രഹ്മകുമാരി രാജയോഗിനി വിജയലക്‌ഷ്മി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സമൂഹത്തിലെ സമസ്ത മേഖലകളിലും ചിട്ടപ്പെടുത്തി പരമ്പരാഗതമായി സംരക്ഷിച്ചു വന്ന ഈശ്വരീയ – ആധ്യാത്മിക, മാനം അടുത്ത കാലം വരെ ശക്തമായിരുന്നു. ചുരുങ്ങിയ കാലത്തിനിടയിൽ അതു തമസ്ക്കരിച്ചു. യുവത്വം വഴി തെറ്റി. അരാജകത്വവും നിഷേധവും തലയുയർത്തി. കുടുംബ ബന്ധം തകർന്നു. ധർമ്മച്യുതി കേരളത്തെ ആത്മഹത്യാമുനമ്പിലെത്തിച്ചു. കേരള സമൂഹത്തെയും കേരളത്തെയും രക്ഷിക്കാനാണു ധർമ്മ സന്ദേശ യാത്രയെന്നു അവർ ചൂണ്ടിക്കാട്ടി . യാത്രയുടെ മുന്നോടിയായി തിങ്കളാഴ്ച മംഗലാപുരം കുദ്രോളി ഗോകർണ്ണനാഥ ക്ഷേത്രത്തിൽ ദീപം തെളിക്കും. യാത്രക്കു തലപ്പാടിയിൽ സ്വീകരണവുമുണ്ടാവും. ഏഴിനു രാവിലെ മധൂരിൽ പ്രാർത്ഥന നടത്തും. 10 മണിക്കു ചിന്മയ വിദ്യാലയത്തിൽ ഹൈന്ദവ നേതൃ സംഗമം . രണ്ടു മണിക്കു കറന്തക്കാട്ടു നിന്നു താളിപ്പടപ്പിലേക്കു 60 ൽപ്പരം സന്യാസിവര്യന്മാരുടെ നേതൃത്വത്തിൽ ഘോഷയാത്ര. മൂന്നു മണിക്ക് ഉദ്ഘാടനം . തുടർന്നു സന്ദേശ യാത്രാ പ്രയാണം സ്വാമിമാർ യാത്രാ പരിപാടി വിശദീകരിച്ചു.
