കാസർകോട്: യുവ അഭിഭാഷകയും സിപിഎം കുമ്പള ലോക്കൽ കമ്മറ്റി അംഗവുമായ ബത്തേരിയിലെ രഞ്ജിത (30) യെ വക്കീൽ ഓഫീസിൽ ജീവനൊടുക്കിയതിനു പിന്നാലെ മുങ്ങിയ അഭിഭാഷകൻ പൊലീസ് പിടിയിൽ . ഇയാളെ ഞായറാഴ്ച വൈകുന്നേരത്തോടെ കാസർകോട്ടെത്തിച്ച് വിശദമായി ചോദ്യം ചെയ്യും. രഞ്ജിതയുടെ മരണം സംബന്ധിച്ച അന്വേഷണം ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് സി പി എം കുമ്പള ഏരിയാ കമ്മറ്റിയും ലോക്കൽ കമ്മറ്റിയും രംഗത്തുവന്നതിനു പിന്നാലെയാണ് മുങ്ങിയ അഭിഭാഷകനെ പിടികൂടിയത്.
സെപ്തംബർ 30 ന് വൈകുന്നേരമാണ് രഞ്ജിതയെ കുമ്പളയിലെ സ്വന്തം ഓഫീസ് മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൊബൈൽ ഫോണിൽ നിരന്തരം വിളിച്ചിട്ടും എടുക്കാതിരുന്നതോടെ വീട്ടുകാർ ഓഫീസിലെത്തി. പ്രസ്തുത സമയത്ത് ഓഫീസ് അകത്തു നിന്നു കുറ്റിയിട്ട നിലയിലായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി വാതിൽ ചവിട്ടി തുറന്നപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ആത്മഹത്യാ കുറിപ്പും രഞ്ജിതയുടെ മൊബൈൽ ഫോണും അപ്പോൾ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവയിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അഭിഭാഷകനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
അടുത്ത സുഹൃത്തായ പ്രസ്തുത അഭിഭാഷകൻ രഞ്ജിതയുടെ മൃതദേഹം കാണാൻ പോലും തയ്യാറായിരുന്നില്ലെന്ന ആരോപണവും നിലവിലുണ്ട്.
