കാസര്‍കോട്: കുമ്പള ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അവതരിപ്പിച്ച മൈം ഷോ തടസ്സപ്പെടുത്തിയ സംഭവത്തില്‍ അധ്യാപകരെ സംരക്ഷിച്ച് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, കലോത്സവത്തിനിടെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മുദ്രാവാക്യം വിളിയടക്കമുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായതാണ് കലോത്സവം നിര്‍ത്തിവെക്കാന്‍ കാരണമായതെന്നാണ് ഡിഡിഇ പറയുന്നത്. മൈം കലോത്സവ മാനുവലിന് വിരുദ്ധമെന്ന് തോന്നിയതിനാലാണ് തടഞ്ഞത്. അധ്യാപകരുടെ ഭാഗത്തുനിന്ന് മനഃപൂര്‍വമായ ഇടപെടല്‍ ഉണ്ടായിട്ടില്ല എന്ന സൂചനയാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി വി. ശിവന്‍കുട്ടി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. തടസപ്പെടുത്തിയ അതേ വേദിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മൈം അവതരിപ്പിക്കാന്‍ അവസരം നല്‍കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച സ്‌കൂളില്‍ നടന്ന കലോത്സവം ബഹളത്തിലും ലാത്തിച്ചാര്‍ജിലുമാണ് സമാപിച്ചത്. മൈം തുടങ്ങി രണ്ടര മിനിറ്റ് പിന്നിട്ടപ്പോഴേക്ക് അധ്യാപകര്‍ സ്റ്റേജിലെത്തി കര്‍ട്ടന്‍ താഴ്ത്തുകയായിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പിടിഎ സ്‌കൂളില്‍ യോഗം ചേര്‍ന്നു. അധ്യാപകര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് എംഎസ്എഫ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് രണ്ട് ദിവസം നടക്കേണ്ടിയിരുന്ന കലോല്‍സവം ആദ്യ ദിവസം തന്നെ നിര്‍ത്തിവെക്കേണ്ടി വന്നു. മുടങ്ങിയ കലോത്സവം തിങ്കളാഴ്ച്ച വീണ്ടും നടക്കും. ഉച്ചയ്ക്ക് 12ന് മൈം വീണ്ടും അവതരിപ്പിക്കാന്‍ അവസരം നല്‍കും. സ്‌കൂളിലെ രണ്ട് അധ്യാപകരെ കലോല്‍സവത്തില്‍ നിന്ന് മാറ്റി നിര്‍ത്തുമെന്ന സൂചനയുമുണ്ട്.
