തിരുവനന്തപുരം: കാസര്‍കോട്ടെ കുമ്പള ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കലോത്സവത്തില്‍ മൈം ഷോയുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവങ്ങളെ കുറിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍റോട് റിപ്പോര്‍ട്ടാവശ്യപ്പെട്ടു. പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യയ്‌ക്കെതിരെ എന്നും നിലപാട് എടുത്ത ജനവിഭാഗമാണ് കേരളം. വിഷയത്തില്‍ അവതരിപ്പിച്ച മൈം തടയാന്‍ ആര്‍ക്കാണ് അധികാരമെന്ന് മന്ത്രി ചോദിച്ചു. കുമ്പള സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇതേ മൈം വേദിയില്‍ അവതരിപ്പിക്കാന്‍
അവസരമൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കി. വെളളിയാഴ്ചയാണ് സ്‌കൂളില്‍ മൈം മല്‍സരം നടന്നത്. പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് മൈം അവതരിപ്പിച്ചത്. മൈം അവസാനിക്കുന്നതിന് മുന്‍പേ അധ്യാപകന്‍ കര്‍ട്ടന്‍ താഴ്ത്തി എന്നാണ് ആരോപണം. പ്ലസ് ടൂ വിദ്യാര്‍ഥികളാണ് മൈം അവതരിപ്പിച്ചത്. എന്നാല്‍ പരിപാടി ആരംഭിച്ച് രണ്ടര മിനിറ്റ് ആയപ്പോഴേയ്ക്കും അധ്യാപകര്‍ കര്‍ട്ടനിടുകയായിരുന്നു. ശനിയാഴ്ചയും കലോത്സവം തുടരേണ്ടതായിരുന്നു. എന്നാല്‍ പരിപാടി നടന്നില്ല.
മൈംഷോ തീരുംമുമ്പ് കര്‍ട്ടന്‍ താഴ്ത്തിയ സംഭവത്തില്‍ ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ പൊലീസിനോടും പൊതുവിദ്യാഭ്യാസ ഉപഡയറക്ടറോടും വിവരം ആരാഞ്ഞു. സ്‌കൂള്‍ കലോത്സവത്തിന് മൈം ഷോ തടസപ്പെടുത്തിയ സംഭവത്തിലാണ് റിപ്പോര്‍ട്ട് നേടിയത്.
