കൊച്ചി: സിപിഎം പറവൂര്‍ ഏരിയ കമ്മിറ്റി നടത്തിയ പെണ്‍ പ്രതിരോധ സംഗമത്തില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി നടി റിനി ആന്‍ ജോര്‍ജ്. ഒരു രാഷ്ട്രീയ കക്ഷിയുടെയും ഭാഗമായല്ല പരിപാടിയില്‍ പങ്കെടുത്തതെന്നും ക്ഷണിച്ചത് കൊണ്ട് ചെന്നതാണെന്നും റിനി പറഞ്ഞു. തന്റെ രാഷ്ട്രീയ നിലപാട് സ്ത്രീപക്ഷ രാഷ്ട്രീയമാണ്. ഒരു പാര്‍ട്ടിയിലും അംഗത്വം വേണ്ടെന്നും, കെ. ജെ. ഷൈനിന്റെ ക്ഷണം നിരസിച്ച് കൊണ്ട് റിനി പറഞ്ഞു. സൈബര്‍ അതിക്രമങ്ങള്‍ക്കെതിരെ പറവൂരില്‍ പരിപാടി നടത്തിയത് ഷൈന്‍ ടീച്ചര്‍ക്ക് വേണ്ടി മാത്രമല്ല, എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ്. തനിക്കെതിരെ ഗൂഢാലോചന ആരോപിക്കുന്നവര്‍ അത് തെളിയിക്കണം. വീണ്ടും കൂടുതല്‍ ആക്രമം ഉണ്ടായാലോ, തന്നെ പ്രകോപിപ്പിച്ചാലോ താന്‍ പലതും വിളിച്ചുപറയുമെന്നും റിനി വ്യക്തമാക്കി.
ആക്രമണങ്ങളിലൂടെ തന്നെ പ്രകോപിപ്പിച്ചാല്‍ താന്‍ പലതും പറയും. ഇതുപോലുള്ള ആളുകളെ വെള്ള പൂശിക്കൊണ്ടുവരാനാണ് തീരുമാനമെങ്കില്‍ പലതും തുറന്ന് പറയേണ്ടതായി വരും. എനിക്ക് അറിയാവുന്ന ഒരുപാട് കാര്യങ്ങളുണ്ട്. ഇതുവരെ പുറത്തു പറയാത്ത, നേരിട്ട് അനുഭവമുള്ള കാര്യങ്ങള്‍ പുറത്ത് പറയും. അത് പലര്‍ക്കും താങ്ങാന്‍ കഴിയില്ലെന്നും നടി പറഞ്ഞു. താനിപ്പോഴും സ്‌നേഹിക്കുന്ന പ്രസ്ഥാനത്തോടും ബഹുമാനിക്കുന്ന നേതാക്കളോടും ഉള്ള പരിഗണന കൊണ്ട് ക്ഷമിച്ചു നില്‍ക്കുകയാണ് എന്നും റിനി കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍ക്കെതിരെയുള്ള അധിക്ഷേപങ്ങള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കും എതിരെ പെണ്‍ പ്രതിരോധം എന്ന പേരിലാണ് സിപിഎം പറവൂര്‍ ഏരിയ കമ്മിറ്റി പരിപാടി സംഘടിപ്പിച്ചത്.
