കാസര്‍കോട്: സ്വകാര്യ സ്ഥാപനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടമായി ചിത്രീകരിക്കുന്നതു പരിഹാസ്യമാണെന്നു ബി ജെ പി ജില്ലാ പ്രസിഡന്റ് എം എല്‍ അശ്വിനി അപലപിച്ചു. സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സംരംഭങ്ങള്‍ക്കുമെതിരെ ചെങ്കൊടി നാട്ടി സംസ്ഥാനത്തു വികസനം തടസ്സപ്പെടുത്തിയതു സി പി എമ്മും ഇടതു പാര്‍ട്ടികളുമാണെന്നതു കേരളം മറക്കില്ലെന്നു പ്രസ്താവനയില്‍ ഓര്‍മ്മിപ്പിച്ചു.
ജില്ലയിലെ സ്വകാര്യാശുപത്രി ഉദ്ഘാടനം ചെയ്യാന്‍ സമയം കണ്ടെത്തിയ മുഖ്യമന്ത്രി വിളിപ്പാടകലെയുള്ള ഉക്കിനടുക്ക സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്കു തിരിഞ്ഞു നോക്കാന്‍ പോലും തയ്യാറായില്ലെന്നതു ജനങ്ങള്‍ കാണുന്നുണ്ടെന്നു പ്രസ്താവനയില്‍ പറഞ്ഞു. കേന്ദ്രം കേരളത്തിനനുവദിച്ച എയിംസ് കാസര്‍കോട് ജില്ലയില്‍ സ്ഥാപിക്കാന്‍ അഭിപ്രായ സമന്വയത്തിനു ശ്രമിക്കാത്ത എല്‍ ഡി എഫിന്റെയും യു ഡി എഫിന്റെയും നേതാക്കള്‍ സ്വകാര്യാശുപത്രി ഉദ്ഘാടനത്തിന് സംഘം ചേര്‍ന്നതും നാട്ടുകാര്‍ കണ്ട് തിരിച്ചറിയുന്നു. കേരളത്തിന്റെ വികസനം കേന്ദ്രം തടസ്സപ്പെടുത്തുന്നെന്നു വിലപിക്കുന്ന പിണറായി സര്‍ക്കാര്‍ 10 വര്‍ഷം കഴിഞ്ഞിട്ടും കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കാത്തതു കേന്ദ്രം തടസ്സപ്പെടുത്തിയതു കൊണ്ടാണോ എന്നു വ്യക്തമാക്കണമെന്ന് അശ്വിനി ആവശ്യപ്പെട്ടു.
