ആലപ്പുഴ: മകന്റെ ജീവിതപങ്കാളിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ വീട്ടമ്മ അറസ്റ്റിലായി. ആലപ്പുഴ കുതിരപ്പന്തി മുട്ടത്തുവീട്ടില്‍ മിനി(52) ആണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകീട്ടാണ് കൊലപാതക ശ്രമം നടന്നത്. മകന്‍ നിയമപരമായി അല്ല യുവതിയെ വിവാഹം കഴിച്ചത്. ഹോസ്റ്റലില്‍ താമസിക്കുന്ന യുവതിയെ മിനി വീട്ടിലേക്ക് ക്ഷണിച്ചുവരുത്തുകയായിരുന്നു. മകനുമായുളള ബന്ധത്തില്‍ നിന്ന് പിന്മാറണമെന്ന് മിനി അപേക്ഷിച്ചെങ്കിലും യുവതി അതിന് തയ്യാറായില്ല. വാക്ക് തര്‍ക്കത്തിനിടെ മിനി യുവതിയുടെ കഴുത്തിന് കത്തികൊണ്ട് മുറിവേല്‍പ്പിച്ചു. പിടിവലിക്കിടെ മിനിക്കും പരിക്കേറ്റു. തുടര്‍ന്ന് മിനി ഭര്‍ത്താവിനെയും മകനെയും വിളിച്ചുവരുത്തി. പരിക്കേറ്റ യുവതിയെയും മിനിയെയും ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അതിനിടെ യുവതി സൗത്ത് പൊലീസിന് പരാതി നല്‍കിയിരുന്നു. പൊലീസ് ആശുപത്രിയിലെത്തിയപ്പോള്‍ മിനി അവിടെ നിന്ന് രക്ഷപ്പെട്ടു. പിന്നീട് പ്രതിയുടെ വീട്ടില്‍ വച്ച് കസ്റ്റഡിയിലെടുത്തു. എസ്എച്ച്ഒ റജി രാജിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ കണ്ണന്‍നായര്‍, മുജീബ്, വനിതാ എസ്സിപിഒമാരായ രാഗി, പ്രീതി, സിപിഒ ജി. അരുണ്‍, ശ്യാംലാല്‍ എന്നിവരും പ്രതിയെ പിടികൂടാനെത്തിയിരുന്നു.
