കാസര്‍കോട്: പിതാവിന്റെ നിരന്തരമായ പീഡനത്തിനു ഇരയായ 14 കാരിയായ മകള്‍ നാലരമാസം ഗര്‍ഭിണി. വിവരം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് പാസ്‌പോര്‍ട്ടുമായി രക്ഷപ്പെടാന്‍ ശ്രമിച്ച പിതാവിനെതിരെ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. കര്‍ണ്ണാടക, കുടക് സ്വദേശിയായ 45 കാരനെതിരെയാണ് കേസ്. ഇയാള്‍ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ കുടുംബസമേതം താമസിച്ചു വരുകയായിരുന്നു. കല്ലുകെട്ടു ജോലിക്കാരനായിരുന്നു.
എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകള്‍ക്കു കടുത്ത നടുവേദന ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മംഗ്‌ളൂരുവിലെ ഡോക്ടറെ കാണിക്കാന്‍ പോയതോടെയാണ് പീഡന സംഭവം പുറത്തറിഞ്ഞത്. സംശയം തോന്നിയ ഡോക്ടര്‍ പെണ്‍കുട്ടിയെ സ്‌കാനിംഗിനു വിധേയമാക്കിയപ്പോള്‍ നാലര മാസം ഗര്‍ഭിണി ആണെന്നു വ്യക്തമായി. ഇക്കാര്യം ഡോക്ടര്‍ ഹൊസ്ദുര്‍ഗ്ഗ് പൊലീസിനെ അറിയിച്ചു. പ്രതി രക്ഷപ്പെടാന്‍ സാധ്യത ഉണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ പൊലീസ് കുടക് സ്വദേശി താമിക്കുന്ന ക്വാര്‍ട്ടേഴ്‌സിലെത്തി പാസ്‌പോര്‍ട്ട് കൈക്കലാക്കി. താന്‍ പിടിക്കപ്പെടുമെന്നു കരുതിയ പിതാവ് വെള്ളിയാഴ്ച തന്റെ നീലനിറത്തിലുള്ള സ്‌കൂട്ടറുമായി രക്ഷപ്പെട്ടു. സി സി ടി വി ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് പൊലീസ് ചെര്‍ക്കളവരെ എത്തി. എന്നാല്‍ അവിടെ നിന്നു എങ്ങോട്ടു പോയെന്നു കണ്ടെത്താനായില്ല. ഇതോടെ പൊലീസ് മടങ്ങി. പ്രതി താമസസ്ഥലത്തേയ്ക്ക് എത്താന്‍ സാധ്യത ഉണ്ടെന്ന കാര്യം പൊലീസ് അയല്‍വാസികളായ ചിലരെ അറിയിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ പെണ്‍കുട്ടിയുടെ പിതാവ് ക്വാര്‍ട്ടേഴ്‌സില്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു. ഇയാള്‍ക്കെതിരെ പോക്‌സോ കേസാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരുന്നു.
അതേസമയം പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാതാവ് സ്ഥലത്ത് ഇല്ലാതിരുന്ന സമയത്ത് ബാപ്പ പലതവണ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴിയെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ അറിയിവായിട്ടില്ല.
