കണ്ണൂര്‍: ഇരിക്കൂര്‍, കല്യാട്ടെ ഭര്‍തൃ വീട്ടില്‍ നിന്നും കര്‍ണ്ണാടക ഹുന്‍സൂര്‍ സ്വദേശിനിയായ ദര്‍ഷിത കവര്‍ച്ച ചെയ്ത 30 പവന്‍ സ്വര്‍ണ്ണം കൈക്കലാക്കിയത് മന്ത്രവാദിയാണെന്നു തെളിഞ്ഞു. ഇതേ തുടര്‍ന്ന് മന്ത്രവാദിയായ കര്‍ണ്ണാടക, ഹാസന്‍, തട്ടേക്കര, സിങ്കപ്പട്ടണത്തെ മഞ്ജുനാഥ (39)യെ ഇരിട്ടി പൊലീസ് അറസ്റ്റു ചെയ്തു. പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിലാണ് ദര്‍ഷിതയില്‍ നിന്നു രണ്ടു ലക്ഷം രൂപയും 30 പവന്‍ സ്വര്‍ണ്ണവും മന്ത്രവാദി കൈക്കലാക്കിയതെന്നു പൊലീസ് പറഞ്ഞു.
ആഗസ്റ്റ് 22ന് ആണ് ഇരിക്കൂര്‍ കല്യാട്ടെ സുഭാഷിന്റെ വീട്ടില്‍ നിന്നും 30 പവനും നാലു ലക്ഷം രൂപയും കൈക്കലാക്കി ഭാര്യ ദര്‍ഷിത രണ്ടര വയസ്സുള്ള മകളെയും കൂട്ടി കര്‍ണ്ണാടകയിലെ സ്വന്തം വീട്ടിലേയ്ക്ക് പോയത്. ഇതു സംബന്ധിച്ച് ഇരിക്കൂര്‍ പൊലീസ് കേസെടുത്തിരുന്നു. അന്വേഷണം നടന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് ദര്‍ഷിതയുടെ മൃതദേഹം ഹുന്‍സൂരിലെ ലോഡ്ജ് മുറിയില്‍ വായില്‍ ഡൈനാമിറ്റ് വച്ച് പൊട്ടിച്ച് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. യുവതിക്കൊപ്പം മുറിയെടുത്ത കാമുകന്‍ സിദ്ധരാജു ആയിരുന്നു കൊല നടത്തിയത്. യുവതി ഭര്‍തൃവീട്ടില്‍ നിന്നു കവര്‍ച്ച ചെയ്ത 4 ലക്ഷം രൂപയില്‍ നിന്നു രണ്ടു ലക്ഷം രൂപ സിദ്ധരാജു കൈക്കലാക്കിയിരുന്നു. കൊലക്കേസില്‍ സിദ്ധരാജുവിനെ ഹാസന്‍ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ കവര്‍ച്ച സംബന്ധിച്ച് ഇരിക്കൂര്‍ പൊലീസാണ് കേസെടുത്തിരുന്നത്. രണ്ടു ലക്ഷം രൂപ ദര്‍ഷിതയുടെ വീടിനു സമീപത്തെ മന്ത്രവാദിയായ മഞ്ജുനാഥ കൈക്കലാക്കിയതായും വ്യക്തമായിരുന്നു. ഈ പണം ഇരിക്കൂര്‍ പൊലീസ് മഞ്ജു നാഥയുടെ വീട്ടില്‍ നിന്നു കണ്ടെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ കവര്‍ച്ച പോയ 30 പവന്‍ ആരുടെ കൈവശമാണെന്നു കണ്ടെത്താന്‍ കഴിഞ്ഞിരുന്നു. സിദ്ധരാജുവിനെയും മഞ്ജുനാഥയെയും പലതവണ ചോദ്യം ചെയ്തുവെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. സംശയത്തെ തുടര്‍ന്ന് മഞ്ജുനാഥയെ ഇരിക്കൂരിലേയ്ക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തുവെങ്കിലും സ്വര്‍ണ്ണം കിട്ടിയില്ലെന്ന വാദത്തില്‍ ഉറച്ചു നിന്നു. എന്നാല്‍ വീരാജ്‌പേട്ട, ബാലിക്കര എന്ന സ്ഥലത്ത് വച്ച് ദര്‍ഷിത ഒരാളെ കാണുന്നതിന്റെ ദൃശ്യം പൊലീസിനു ലഭിച്ചു. ശ്രമകരമായ പരിശോധനയ്‌ക്കൊടുവില്‍ ദര്‍ഷികയെ കാണുന്നത് മന്ത്രവാദിയാണെന്ന് ഉറപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെ മന്ത്രവാദിക്ക് പിടിച്ചു നില്‍ക്കാനായില്ല. പ്രേതബാധ ഒഴിപ്പിക്കുന്നതിനു രണ്ടു ലക്ഷം രൂപ കൂടാതെ സ്വര്‍ണ്ണവും കൈപ്പറ്റിയിരുന്നതായി മന്ത്രവാദി സമ്മതിച്ചു. തുടര്‍ന്ന് പ്രതിയുടെ അറസ്റ്റ് ഇരിക്കൂര്‍ പൊലീസ് രേഖപ്പെടുത്തി. കവര്‍ച്ചാ കേസില്‍ ദര്‍ഷിത ഒന്നാം പ്രതിയും മന്ത്രിവാദി രണ്ടാം പ്രതിയുമാണ്.

30 പവൻ സ്വർണ്ണം കണ്ടെത്തിയിരുന്നു എന്ന പിശക് വാർത്തയിൽ ഉണ്ട്