കണ്ണൂര്‍: കെ പി മോഹനന്‍ എംഎല്‍എയ്ക്ക് നേരെ കയ്യേറ്റം. എംഎല്‍എ നടന്നുപോയപ്പോള്‍ ആണ് നാട്ടുകാര്‍ കയ്യേറ്റം ചെയ്തത്. കണ്ണൂര്‍ പെരിങ്ങത്തൂര്‍ കരിയാടില്‍ ആണ് സംഭവം. അംഗനവാടി ഉദ്ഘാടനം ചെയ്യാന്‍ വന്നതായിരുന്നു എംഎല്‍എ. മാലിന്യ പ്രശ്‌നത്തിലാണ് നാട്ടുകാരുടെ പ്രതിഷേധം.
സ്വകാര്യ ഡയാലിസിസ് സെന്ററില്‍ നിന്നും മലിന ജലം ഒഴുക്കിവിടുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി പ്രതിഷേധത്തിലായിരുന്നു. കിണറിലേക്കുള്‍പ്പെടെ മലിനജലം ഒഴുകിയെത്തിയതോടെ പലര്‍ക്കും വീടൊഴിഞ്ഞു പോകേണ്ട സാഹചര്യം വരെയുണ്ടായി. ഏറെകാലമായി പരാതി പറഞ്ഞിട്ടും എംഎല്‍എ വിഷയത്തില്‍ യാതൊരു വിധ ഇടപെടലും നടത്തിയില്ലെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ എംഎല്‍എയെ കയ്യേറ്റം ചെയ്തത്.
