തൃശൂര്‍: കേരള സംസ്ഥാന ലോട്ടറിയുടെ കളര്‍ ഫോട്ടോസ്റ്റാറ്റ് എടുത്ത് വില്‍പനക്കാരെ പറ്റിക്കുന്ന സംഘവും വിലസുന്നു. തൃശൂര്‍ കാട്ടൂര്‍ പെരിഞ്ഞനം സ്വദേശി നെല്ലിപറമ്പില്‍ തേജസിനാണ് പണം നഷ്ടമായത്. കഴിഞ്ഞ 27 നായിരുന്നു സംഭവം. ബൈക്കിലെത്തിയ യുവാവാണ് തട്ടിപ്പ് നടത്തിയത്. തേജസിനോട് 21 ന് നറുക്കെടുപ്പ് നടന്ന സമൃദ്ധി ലോട്ടറിയുടെ ആറു ലോട്ടറി ടിക്കറ്റുകള്‍ അടിച്ചതാണോ എന്ന് നോക്കണം എന്നും ആവശ്യപ്പെട്ടാണ് യുവാവ് എത്തിയത്. തേജസ് അത് സ്‌കാന്‍ ചെയ്തു നോക്കിയപ്പോള്‍ 5000 രൂപ വീതം ടിക്കറ്റുകള്‍ക്ക് അടിച്ചിട്ടുണ്ടെന്ന് മറുപടി നല്‍കി. തേജസിന്റെ പക്കല്‍ കൂടുതല്‍ പണം ഇല്ലാത്തതിനാല്‍ മൂന്നു ടിക്കറ്റിന്റെ പണം നല്‍കി. ഏജന്റ് കമ്മീഷന്‍ കഴിച്ചുള്ള 14,700 രൂപയാണ് നല്‍കിയത്. ഈ ടിക്കറ്റുകളുമായി തൃശൂരിലെ ഏജന്‍സിയിലെത്തിയപ്പോഴാണ് കബളിക്കപ്പെട്ട വിവരം വില്‍പനക്കാരനു മനസ്സിലാവുന്നത്. അതേ നമ്പരിലെ യഥാര്‍ഥ ടിക്കറ്റ് ആലപ്പുഴ ട്രഷറിയില്‍ മാറിയിരിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തേജസ്സിന്റെ പക്കലുള്ളത് കളര്‍ ഫോട്ടോസ്റ്റാറ്റ് കോപ്പിയാണെന്നും വ്യക്തമായി. തേജസിന്റെ പരാതിയില്‍ കാട്ടൂര്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സമ്മാനം അടിച്ച യഥാര്‍ഥ ടിക്കറ്റ് ആരാണ് കൈമാറിയതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. അയാള്‍ അറിയാതെ ഫോട്ടോസ്റ്റാറ്റ് എടുക്കാനാവില്ലെന്നാണ് പൊലീസ് പറയുന്നത്.
