കൊച്ചി: കേരളത്തിലെ മുന്‍ പൊലീസ് മേധാവി ജേക്കബ് തോമസ് ആര്‍എസ്എസില്‍ മുഴുവന്‍ സമയ പ്രചാരകനായി ചേര്‍ന്നു.
മഹാനവമിയോടനുബന്ധിച്ച് ഒക്ടോബര്‍ ഒന്നിനു കൊച്ചി പള്ളിക്കരയില്‍ നടന്ന പരിപാടിയില്‍ ജേക്കബ് തോമസ് ആര്‍എസ്എസ് യൂണിഫോം ധരിച്ചു പങ്കെടുത്തു.
സാംസ്‌കാരിക ബോധമുള്ള വ്യക്തികളെ സൃഷ്ടിക്കുക എന്നതാണ് ആര്‍എസ്എസിന്റെ ലക്ഷ്യമെന്നു ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. നമുക്കിടയില്‍ ഇത്തരക്കാരായ കൂടുതല്‍ ആളുകള്‍ ഉണ്ടാവുമ്പോള്‍ സമൂഹം കൂടുതല്‍ ശക്തമാവും. അതു രാഷ്ട്രീയത്തിന്റെ ശക്തി വര്‍ധിപ്പിക്കാന്‍ ഊര്‍ജ്ജം പകരും. വിവേകവും സാംസ്‌കാരിക ശക്തിയുമുള്ള വ്യക്തികളിലൂടെ ശക്തമായ രാഷ്ട്രീയം കെട്ടിപ്പടുക്കാനാണ് ആര്‍എസ്എസ് ലക്ഷ്യമെന്നു യോഗത്തില്‍ പ്രസംഗിക്കുകയായിരുന്ന അദ്ദേഹം പറഞ്ഞു.
ജാതി, മതം, ഭാഷ, പ്രാദേശികത, വിഭാഗീയത എന്നിവ ആര്‍എസ്എസിലില്ലെന്ന് അദ്ദേഹം പറഞ്ഞു.
കേരള വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ മുന്‍ ഡയറക്ടറായിരുന്നു അദ്ദേഹം. 2021ല്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു.
കേരള കേഡറിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ മുന്‍ ഡിജിപി ആര്‍ ശ്രീലേഖ നേരത്തെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. മാത്രമല്ല, മുന്‍ ഡിജിപി പി സെന്‍കുമാറും സംഘപരിവാര്‍ സഹയാത്രികനാണ്.
