കാസര്‍കോട്: വടക്കന്‍ കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് പുത്തനുണര്‍വ്വ് നല്‍കി ആസ്റ്റര്‍ മിംസ് ആശുപത്രി കാസര്‍കോട്ട് പ്രവര്‍ത്തനമാരംഭിച്ചു. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ മുന്‍നിര ആരോഗ്യ സേവനദാതാക്കളായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ കേരളത്തിലെ എട്ടാമത്തെ ആശുപത്രിയാണ് കാസര്‍കോട്ട് പ്രവര്‍ത്തനം ആരംഭിച്ചത്.
ആസ്റ്റര്‍ മിംസ് ആശുപത്രി കാസര്‍കോട്ടെ ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ആസ്റ്റര്‍ മിംസിന് ആരോഗ്യ മേഖലയിലുള്ള വര്‍ഷങ്ങളുടെ പാരമ്പര്യം വലിയ മുതല്‍ കൂട്ടാകും. നാടിന്റെ ആരോഗ്യ മേഖലയിലുള്ള മുന്നേറ്റത്തിന് മിംസ് ആശുപത്രി നാഴികക്കല്ലായി മാറും. ആരോഗ്യ മേഖലയില്‍ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം നടത്തി കൊണ്ടിരിക്കുന്ന ഡോ. ആസാദ് മൂപ്പനെ പ്രത്യേകം അനുമോദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
കര്‍ണാടക ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ദിനേശ് ഗുണ്ടു റാവു മുഖ്യാതിഥിയായിരുന്നു.
രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി, എം.എല്‍.എ.മാരായ എന്‍.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷ്റഫ്, ഇ. ചന്ദ്രശേഖരന്‍, സി.എച്ച്. കുഞ്ഞമ്പു, എം. രാജഗോപാല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദരിയ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ഡയറക്ടര്‍ അനൂപ് മൂപ്പന്‍, എക്സിക്യൂട്ടീവ് ഡയറക്ടറും ഗവേര്‍ണന്‍സ് ആന്‍ഡ് കോര്‍പ്പറേറ്റ് അഫയേഴ്‌സ് ഗ്രൂപ്പ് ഹെഡുമായ ടി. ജെ വില്‍സണ്‍, ആസ്റ്റര്‍ കേരള ക്ലസ്റ്റര്‍ സിഎംഎസ് ഡോ. സൂരജ് കെ.എം, ആസ്റ്റര്‍ മിംസ് കാസര്‍കോട് ആന്റ് കണ്ണൂര്‍ സിഒഒ ഡോ. അനൂപ് നമ്പ്യാര്‍ ഉള്‍പ്പടെ, ആസ്റ്ററിന്റെ നേതൃരംഗത്തുള്ളവരും പരിപാടിയില്‍ പങ്കെടുത്തു.

190 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച, 264 കിടക്കകളുള്ള ആശുപത്രി, വടക്കന്‍ കേരളത്തിന്റെ ആരോഗ്യമേഖലയില്‍, വലിയ മുന്നേറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന സ്ഥാപനമായാണ് വിഭാവനം ചെയ്തിരിക്കുന്നത്. 2.1 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍, 31 മെഡിക്കല്‍ സ്‌പെഷ്യാലിറ്റികളുള്ള, ഈ ആശുപത്രി, കാസര്‍ഗോഡും, സമീപ പ്രദേശങ്ങളിലുമുള്ള ആളുകള്‍ക്ക്, ഏറ്റവും മികച്ചതും, പ്രാപ്യവുമായ ചികിത്സ ലഭ്യമാക്കണമെന്ന ലക്ഷ്യത്തിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. കൂടാതെ 600-ല്‍ അധികം പുതിയ തൊഴിലവസരങ്ങളാണ്, ആസ്റ്റര്‍ മിംസ് കാസര്‍കോട് തുറന്നിട്ടിരിക്കുന്നത്. ആഗോളനിലവാരത്തിലുള്ള ചികിത്സവൈദഗ്ധ്യവും, പരിചയസമ്പന്നതയും കൈമുതലായിട്ടുള്ള, അറുപതിലധികം ഡോക്ടര്‍മാരുടെ സംഘത്തെയാണ് പുതിയ ആശുപത്രിയില്‍ സജ്ജമാക്കിയിരിക്കുന്നത്.
ഉന്നത നിലവാരത്തിലുള്ള ചികിത്സ, എല്ലാ തരം മനുഷ്യര്‍ക്കും, ഒരുപോലെ ലഭ്യമാക്കുക എന്നതാണ്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ എക്കാലത്തും മുന്നോട്ട് വയ്ക്കുന്ന ദര്‍ശനമെന്ന്, ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കേരളത്തിലെ എട്ടാമത്തെ ആശുപത്രിയായ ആസ്റ്റര്‍ മിംസ് കാസര്‍കോട് ഒരു പ്രധാന നാഴികക്കല്ലാണ്. വടക്കന്‍ കേരളത്തിലെ ജനങ്ങള്‍ക്ക്, അത്യാധുനിക സൗകര്യങ്ങളോടു കൂടിയ, ആരോഗ്യ സേവനങ്ങള്‍, കൂടുതല്‍ അടുത്തെത്തിയിരിക്കുകയാണ്. കാസര്‍കോട്ടെ ജനങ്ങളോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ അടയാളമാണ് പുതിയ ആശുപത്രി. അത്യാധുനിക സൗകര്യങ്ങള്‍, വിദഗ്ധരായ ഡോക്ടര്‍മാര്‍, അനുഭാവപൂര്‍ണമുള്ള പരിചരണം. എല്ലാം സമര്‍പ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
1.5 ടി എംആര്‍ഐ, 160 സ്ലൈസ് സിടി സാങ്കേതികവിദ്യ എന്നിവ ലഭ്യമാക്കുന്ന ജില്ലയിലെ ആദ്യ കേന്ദ്രമെന്ന നിലയില്‍, പുതിയ ആശുപത്രി, മികച്ച രോഗനിര്‍ണ്ണയ കേന്ദ്രം കൂടിയായി മാറിയിരിക്കുകയാണ്. കൂടാതെ, ഹൃദയ, രക്തക്കുഴല്‍ ശസ്ത്രക്രിയകള്‍ക്കും, ഗുരുതരമായ ഹൃദയ-ശ്വാസകോശ സംബന്ധമായ തകരാറുകള്‍ക്കുള്ള, എക്‌മോ, ഇസിഎല്‍എസ് ചികിത്സയ്ക്കും വിപുലമായ സൗകര്യങ്ങളുണ്ട്. ഹെമഡ്സോര്‍പ്ഷന്‍, ( പാമ്പുകടിക്ക് പ്രത്യേക പരിചരണം നല്‍കുന്നത് ഉള്‍പ്പടെ) ഗുരുതരവും അടിയന്തരവുമായ പ്രത്യേക ചികിത്സകളും ലഭ്യമാണ്. ആശുപത്രിയിലെ അത്യാഹിത വിഭാഗം ഏത് പ്രതിസന്ധി ഘട്ടത്തിലും ഉടനടിയുള്ള ഇടപെടലുകള്‍ക്കായി സജ്ജമാണ്. ട്രോമ, ഹൃദയം, സ്‌ട്രോക്ക്, കുട്ടികളുടെ അടിയന്തര സാഹചര്യങ്ങള്‍ എന്നിവയ്ക്ക് വിശ്വസനീയമായ പരിചരണം ഉറപ്പാക്കുന്നുമുണ്ട്. ഇരുപത്തിനാല് മണിക്കൂറും ആംബുലന്‍സ് സൗകര്യവും, 20 കിടക്കകളുമുള്ള അത്യാഹിത വിഭാഗം അടിയന്തര രോഗനിര്‍ണയവും ആദ്യഘട്ട ചികിത്സയും ഉറപ്പാക്കും.
44 തീവ്രപരിചരണ വിഭാഗം കിടക്കകളും, നവജാതശിശുക്കള്‍ക്കായുള്ള 16 എന്‍ഐസിയു കിടക്കകളും 7 പ്രധാന ഓപ്പറേഷന്‍ തിയേറ്ററുകളും 2 മൈനര്‍ ഓപ്പറേഷന്‍ തിയേറ്ററുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ, കീമോതെറാപ്പി ആവശ്യമുള്ള രോഗികള്‍ക്കായി 7 കിടക്കകളും, ഡയാലിസിസ് ആവശ്യമുള്ളവര്‍ക്കായി 15 കിടക്കകളും ഇവിടെയുണ്ടാകും. മികച്ച വൈദ്യസഹായത്തിന് പുറമെ, രോഗികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഏറ്റവും മികച്ച അന്തരീക്ഷത്തില്‍ ചികിത്സ ലഭ്യമാക്കാന്‍ വേണ്ട എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
കാസർകോട്ടെ ജനങ്ങൾക്ക് ആശ്വാസമാകേണ്ടുന്ന AIMS എവിടെ ? കണ്ണടച്ചു പാലുകുടിക്കുന്നത് ഇനിയുമെത്ര കാലം ?