ഇടുക്കി: കട്ടപ്പനയിൽ ഓടയിൽ കുടുങ്ങിയ മൂന്ന് തൊഴിലാളികൾ മരിച്ചു. തമിഴ്‌നാട് . കമ്പം സ്വദേശി ജയരാമൻ, ഗൂഡല്ലൂർ സ്വദേശികളായ സുന്ദര പാണ്ഡ്യൻ, മൈക്കിൾ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പെട്ട മൂവരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കട്ടപ്പനയില്‍ നിന്ന് പുളിയന്‍മലയിലേക്ക് വരുന്ന വഴിയിലുള്ള ഓറഞ്ച് എന്ന ഹോട്ടലിന്റെ നവീകരണത്തിന്റെ ഭാഗമായി ഓട വൃത്തിയാക്കാന്‍ ഇറങ്ങിയ മൂന്ന് പേരാണ് കുടുങ്ങിയത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ആദ്യം ഓടയിൽ ഇറങ്ങിയ ആളെ കാണാതായതോടെ മറ്റ് രണ്ട് പേർ കൂടെ ഓടയിലേക്ക് ഇറങ്ങുകയായിരുന്നു എന്നാണ് വിവരം. പിന്നീട് മൂവരെയും കാണാതായതോടെ നാട്ടുകാർ ഫയർ ഫോഴ്സിൽ വിവരം അറിയിച്ചു. ഫയർ ഫോഴ്സ് സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ജെസിബി എത്തിച്ച് സ്ലാബുകള്‍ നീക്കിയാണ് കുടുങ്ങിയവരെ പുറത്തെടുത്തത്.
