തൃശൂര്‍: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നെഞ്ചില്‍ വെടിയുണ്ട വീഴുമെന്ന ചാനല്‍ ചര്‍ച്ചയ്ക്കിടെ ബിജെപി നേതാവിന്റെ കൊലവിളി പരാമര്‍ശത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. വിഷയം ഗൗരവതരമാണെന്നും സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി. പ്രാധാന്യമോ അടിയന്തര നോട്ടീസിനുള്ള വിഷയമോ അല്ലെന്ന് സ്പീക്കര്‍ പറഞ്ഞു. വേണമെങ്കില്‍ സബ്മിഷനായി അവതരിപ്പിക്കാം എന്ന് അദ്ദേഹം വ്യക്തമാക്കി. നിസ്സാര വിഷയം എന്ന് സ്പീക്കര്‍ പറഞ്ഞതില്‍ കനത്ത പ്രതിഷേധം എന്ന് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു. ഫ്‌ലോറില്‍ ഉന്നയിക്കാന്‍ മാത്രം പ്രാധാന്യമില്ലെന്ന് സ്പീക്കര്‍ ആവര്‍ത്തിച്ചു. പിന്നാലെ സ്പീക്കര്‍ എ എന്‍ ഷംസീര്‍ നോട്ടീസ് തള്ളി. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സ്പീക്കറുടെ ഡയസിലേക്ക് പ്രതിപക്ഷാംഗങ്ങള്‍ കയറി. തുടര്‍ന്ന് വാച്ച് ആന്‍ഡ് വാര്‍ഡുമായി ഉന്തും തള്ളുമായി. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സഭ ഇന്നത്തെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പിരിഞ്ഞു.
