തിരുവനന്തപുരം: ഈ ആഴ്ചയില്‍ കേരളത്തില്‍ അടുപ്പിച്ച് രണ്ട് ദിവസം ഒരു തുള്ളി മദ്യം പോലും ലഭിക്കില്ല. ഒക്ടോബര്‍ ഒന്നിനും തൊട്ടടുത്ത ദിവസം ഗാന്ധി ജയന്തിക്കുമാണ് ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ അടച്ചിടുക. എല്ലാ മാസവും ഒന്നാം തീയതി ഡ്രൈ ഡേ ആയത് കാരണം അവധിയാണ്. ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തിക്കും എല്ലാ വര്‍ഷവും മദ്യഷാപ്പുകള്‍ക്ക് അവധി ബാധകമാണ്. ഇതാണ് ഈ ആഴ്ചയില്‍ അടുപ്പിച്ച് രണ്ട് ദിവസം ഒരു തുള്ളി മദ്യം പോലും ലഭിക്കാത്ത സാഹചര്യമുണ്ടാക്കുന്നത്.അടുപ്പിച്ച് രണ്ട് ദിവസം അവധി ആയതിനാല്‍ തന്നെ ഇന്ന് സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ തിരക്ക് കൂടാനുള്ള സാദ്ധ്യതയുമുണ്ട്. ഇതിനനുസരിച്ച് മുന്നൊരുക്കങ്ങള്‍ നടത്തുന്നതിന്റെ തിരക്കിലാണ് പൊലീസ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍. സാധാരണ മറ്റ് സര്‍ക്കാര്‍ വകുപ്പുകളെ അപേക്ഷിച്ച് അവധി ദിനങ്ങള്‍ വളരെ കുറച്ച് മാത്രം കിട്ടുന്നതാണ് ബിവറേജസ് കോര്‍പ്പറേഷന്‍. അവധി ദിനങ്ങള്‍ മുന്‍കൂട്ടി കണ്ട് ആവശ്യത്തിന് സാധനം സ്റ്റോക് ചെയ്യുന്ന സ്വഭാവം മലയാളികള്‍ക്കുണ്ട്. അതേസമയം, അവധി ദിനങ്ങള്‍ കണക്കിലെടുത്ത് അമിത വില ഈടാക്കി കരിഞ്ചന്തയില്‍ വില്‍പ്പന നടക്കാന്‍ സാദ്ധ്യത കൂടുതലാണ്. ഇത്തരക്കാരെ പിടികൂടാന്‍ ശക്തമായ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് പൊലീസും എക്‌സൈസ് വകുപ്പും. വരും ദിവസങ്ങളില്‍ സ്‌പെഷ്യല്‍ ഡ്രൈവിന് തന്നെ സാദ്ധ്യതയുണ്ട്.
