തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസുള്ള സ്വന്തം കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ശ്രീതുവിനെ റിമാന്റുചെയ്തു. കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രീതുവിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. തിങ്കളാഴ്ച മൂന്ന് ദിവസത്ത കസ്റ്റഡി അപേക്ഷ നല്‍കും. സഹോദരിയുമായുള്ള വഴിവിട്ട ബന്ധത്തിന് കുട്ടി തടസ്സമായപ്പോള്‍ ഹരികുമാര്‍ കൊലപ്പെടുത്തിയെന്നാണ് നിലവിലുള്ള കേസ്. ഹരികുമാര്‍ തന്നെയാണ് കുട്ടിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതെന്നായിരുന്നു നേരത്തെയുള്ള മൊഴി. അതിനിടെയാണ് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ ഹരികുമാര്‍ താനല്ല കുഞ്ഞിനെ കിണറ്റിലെറിഞ്ഞതെന്ന മൊഴി മാറ്റിയത്. കേസില്‍ കുട്ടിയുടെ അമ്മാവന്‍ ഹരികുമാറിനെ നേരത്തെ ഒന്നാം പ്രതിയാക്കിയാണ് അറസ്റ്റ് ചെയ്തത്. ശ്രീതുവിനെതിരെ നേരത്തെ വഞ്ചനാ കേസ് മാത്രമായിരുന്നു രജിസ്റ്റര്‍ ചെയ്തത്. ശ്രീതുവിന്റെയും ഹരികുമാറിന്റെയും മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധനയില്‍ ഇരുവരും തമ്മില്‍ അസാധാരണ ബന്ധമുള്ളതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിത തട്ടിപ്പ് കേസില്‍ ജയിലിലായപ്പോള്‍ ലഹരി, മോഷണ കേസുകളിലെ പ്രതികളുമായി ശ്രീതു ബന്ധം സ്ഥാപിച്ചിരുന്നു. ശ്രീതുവിനെ ജാമ്യത്തിലിറക്കിയത് വലിയതുറ സ്റ്റേഷനില്‍ എംഡിഎംഎ കേസിലെ പ്രതിയായ സ്ത്രീയാണ്. പുറത്തിറങ്ങിയ ശ്രീതു മോഷണ കേസിലെ പ്രതിയെ ജാമ്യത്തിലിറക്കി. ശ്രീതു കൊഴിഞ്ഞാപ്പാറയില്‍ താമസിച്ചത് മോഷണ കേസ് ദമ്പതികള്‍ക്കൊപ്പമാണ്. മോഷണ പണം കൊണ്ട് ആര്‍ഭാടജീവിതം നയിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. അതിനിടെ ഡിഎന്‍എ പരിശോധനയില്‍ കുട്ടിയുടെ ഡിഎന്‍എയ്ക്ക് നീതുവിന്റെ ഭര്‍ത്താവുമായോ, അമ്മാവനുമായോ പൊരുത്തമില്ലെന്ന് ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. നാലിലേറെ പേരുടെ ഡിഎന്‍എ സാമ്പിളുകളാണ് പരിശോധിച്ചിരുന്നത്. കുട്ടിയുടെ കൊലപാതകത്തിന് പിന്നില്‍ ഇതാണോ കാരണമെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
