പയ്യന്നൂർ: റോഡ് മുറിച്ച് കടക്കുന്നതിനിടെ കാൽനടയാത്രക്കാരൻ വാഹനമിടിച്ചു മരിച്ചു. എടാട്ട് സെൻട്രൽ സ്കൂൾ റോഡിന് സമീപത്തെ പാറോട്ടകത്ത് ടികെ അബ്ദുള്ള (75) യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10 മണിയോടെ എടാട്ട് സെൻട്രൽ സ്കൂൾ റോഡിന് സമീപം ആണ് അപകടം. റോഡ് മുറിച്ചുകടക്കവെ പിലാത്തറ ഭാഗത്തുനിന്ന് പയ്യന്നൂർ ഭാഗത്തേക്ക് അമിതവേഗത്തിൽ പോകുകയായിരുന്ന വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിച്ചവാഹനം നിർത്താതെ പോയി. ഉടൻ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. എടാട്ട് ഒരു സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു അബ്ദുള്ള. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ശനിയാഴ്‌ച ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: അസ്മ. മക്കൾ: ഹാരീസ്, മുത്തലീബ്, ഹനീഫ, റഷീദ്, ഷഫീഖ്.
