കാസര്‍കോട്: കാല്‍നടയാത്രക്കാരുടെ സുരക്ഷിതത്വത്തിന് ദേശീയപാത വികസനത്തിന്റെ ഭാഗമായി സ്ഥാപിച്ചുകൊണ്ടിരിക്കുന്ന നടപ്പാതകകളില്‍ വൈദ്യുതി പോസ്റ്റുകള്‍ സ്ഥലംപിടിച്ചു. തലപ്പാടി-ചെങ്കള റീച്ചില്‍ നടപ്പാതകളുടെ 60 ശതമാനം ജോലികള്‍ പൂര്‍ത്തിയായപ്പോള്‍ പാവപ്പെട്ട കല്‍നടക്കാര്‍ക്ക് നടപ്പാതയില്‍ നിന്ന് മാറി നടക്കേണ്ട ഗതി വന്നു. നടപ്പാതയില്‍ ചില സ്ഥലങ്ങളില്‍ വൈദ്യുതി പോസ്റ്റിനെ ബഹുമാനിച്ചു മാറിനടക്കാനും ഇടമില്ലെന്ന അവസ്ഥയുമുണ്ട്. വികസനത്തിന്റെ ഓരോരോ വഴികള്‍ കണ്ടു സാധാരണക്കാര്‍ അന്തം വിടാന്‍ തുടങ്ങിയിരിക്കുന്നു. ദേശീയ പാതയുടെ നടപ്പാത കാല്‍നടയാത്രക്കാര്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയാതാവുന്നുണ്ടെങ്കിലും വൈദ്യുതി പോസ്റ്റുകള്‍ക്കും ട്രാന്‍സ്ഫോമറുകള്‍ക്കും ഉറച്ചുനില്‍ക്കാനുള്ള സുരക്ഷിത തറയായിട്ടുണ്ട്. നടപ്പാതകളില്‍ മൊത്തം വൈദ്യുതി പോസ്റ്റുകളും, ട്രാന്‍സ്‌ഫോര്‍മറുകളുമാണെന്ന് കാല്‍നടയാത്രക്കാര്‍ പറയുന്നു. വൈദ്യുതി പോസ്റ്റുകള്‍ നടപ്പാതയുടെ സൈഡില്‍ ഒതുക്കി സ്ഥാപിച്ചുവേണം നടപ്പാതകള്‍ നിര്‍മ്മിക്കേണ്ടതെന്ന് എഞ്ചിനീയറിംഗില്‍ വലിയ പിടിപാടൊന്നുമില്ലാത്ത സാധാരണക്കാര്‍ കരുതുന്നു. അവരുടെ ഉള്ളിലിരിപ്പ് നിര്‍മ്മാണ സമയത്ത് തന്നെ നിര്‍മ്മാണ കമ്പനിക്കാരെ രേഖാമൂലം അറിയിച്ചിരുന്നതായും പറയുന്നു.
ദേശീയപാത നിര്‍മ്മാണത്തില്‍ എന്നതുപോലെ അതുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും പരാതി കേള്‍ക്കാത്ത സര്‍ക്കാര്‍ സ്ഥാപനമായി നിര്‍മ്മാണ കമ്പനി മാറിയെന്നു പറഞ്ഞു ആളുകള്‍ അരിശം തീര്‍ക്കുന്നു. കാല്‍നട യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് നടപ്പാതയുടെ കാര്യത്തില്‍ നേരത്തെ തന്നെ ഹൈക്കോടതി ഇടപെട്ടിരുന്നു. അത് പറഞ്ഞുകൊണ്ടിരിക്കാനുള്ള അമ്മൂമ്മക്കഥയായി മാറുന്നുണ്ട്.
നടപ്പാതയുടെ നടുവിലാണ് മിക്ക സ്ഥലത്തും വൈദ്യുതി പോസ്റ്റുകള്‍ സ്ഥലം പിടിച്ചിട്ടുള്ളത്. ട്രാന്‍സ്‌ഫോര്‍മറുകളാകട്ടെ ചിലയിടങ്ങളില്‍ നടപ്പാതയെ തന്നെ വിഴുങ്ങുന്നു. ദീര്‍ഘവീക്ഷണമില്ലാതെയാണ് വൈദ്യുതി പോസ്റ്റുകളും, നടപ്പാതകളുമെന്നു പരാതി ഉയരുന്നു.
നടപ്പാതകളിലൂടെ കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷിതമായി നടന്നു പോകുവാന്‍ സൗകര്യമുണ്ടക്കണമെന്നും ആവശ്യമുയരുന്നുണ്ട്. നടപ്പാതയിലെ മുഴുവന്‍ വൈദ്യുതി പോസ്റ്റുകളും, ട്രാന്‍സ്‌ഫോര്‍മറുകളും മാറ്റിസ്ഥാപിക്കാന്‍ സര്‍ക്കാരും വൈദ്യുതി ബോഡും റോഡ് കരാറുകാരും ശ്രദ്ധിക്കേണ്ട? സംസ്ഥാനത്തു ആദ്യം പണിതീരാന്‍ പോവുന്ന ദേശീയ പാത ഒന്നാം റീച്ചില്‍ ഇതാണ് അവസ്ഥയെങ്കില്‍ മറ്റു റീച്ചുകളുടെ സ്ഥിതി എന്തായിരിക്കുമെന്ന് ജനങ്ങള്‍ക്ക് ഉത്കണ്ഠയുണ്ട്. എത്ര കോടി രൂപയാണ് ദേശീയ പാതക്കു ചെലവാക്കിക്കൊണ്ടിരിക്കുന്നത്. ഇങ്ങനെയൊക്കെ ആക്കാനാണോ അതെന്ന ആശങ്കയും ഉയരുന്നുണ്ട്.

Superaayittund