ആലപ്പുഴ: കായംകുളത്ത് നാലര വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. കണ്ടല്ലൂര്‍ പുതിയവിള സ്വദേശിനിയാണ് അറസ്റ്റിലായത്. കായംകുളം കനകക്കുന്ന് പൊലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നാലര വയസുകാരന്‍ ട്രൗസറില്‍ മലമൂത്രവിസര്‍ജനം നടത്തിയതിനാലായിരുന്നു മാതാവിന്റെ ക്രൂരത.
കുട്ടിയുടെ പിന്‍ഭാഗത്തും കാലിനും ഗുരുതരമായി പൊള്ളലേറ്റിരുന്നു. പൊള്ളലേറ്റ കുട്ടിയെ മാതാവ് തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. ചപ്പാത്തി കല്ലില്‍ ഇരുന്നാണ് കുഞ്ഞിന് പൊള്ളലേറ്റതെന്നാണ് മാതാവ് ആശുപത്രി അധികൃതരെ ധരിപ്പിച്ചത്. സംശയം തോന്നിയതോടെ ഡോക്ടറാണ് വിവരം പൊലീസിലും സിഡബ്ല്യുസിയിലും അറിയിച്ചത്. കുട്ടിയുടെ മാതാവും അമ്മായിയമ്മയും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നുവെന്നും കുട്ടിക്ക് എങ്ങനെയാണ് പൊള്ളലേറ്റതെന്നതില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് പൊലീസ് പറയുന്നത്.
