കാസര്‍കോട്: കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ വീണ്ടും ആരോപണവുമായി ബിജെപി ജില്ലാ പ്രസിഡന്റ് എംഎല്‍ അശ്വനി. രാജ്മോഹന്‍ ഉണ്ണിത്താന് കാസര്‍കോടിനോട് പുച്ഛമാണെന്നും
അദ്ദേഹത്തിന്റെ സ്വന്തം ജില്ലാ കാസര്‍കോട് അല്ലാത്തതുകൊണ്ടാണ് അദ്ദേഹത്തിന് ജില്ലയുടെ വികസന കാര്യത്തില്‍ ഒരു താല്‍പര്യവുമില്ലാത്തതെന്നും അശ്വനി ഫേസ് ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു. കിട്ടിയ അവസരത്തില്‍ എംപി ആയി സുഖിക്കാന്‍ ആണ് അദ്ദേഹത്തിന്റെ ആഗ്രഹം. സംസ്ഥാനം ഭരിച്ച ഇടതു വലതു മുന്നണികളാണ് കാസര്‍കോടിന്റെ ഇന്നത്തെ ദയനീയ അവസ്ഥയ്ക്ക് ഉത്തരവാദികളെന്നും അവര്‍ കുറ്റപ്പെടുത്തി. അതേസമയം രാജ്മോഹന്‍ ഉണ്ണിത്താന്‍ തന്നെ എത്ര അപമാനിച്ചാലും കാസര്‍കോടിന്റെ വികസനത്തിന് വേണ്ടി എല്ലാം സഹിക്കാന്‍ താന്‍ തയ്യാര്‍ ആണെന്നും കാസര്‍കോട്ടെ ജനത തന്റെ കൂടെ ഉണ്ടാവുമെന്നും കുറിപ്പില്‍ അശ്വനി പറഞ്ഞു. അതേസമയം, കാസര്‍കോട് എംപി താനായാല്‍ തീര്‍ച്ചയായും എയിംസ് കാസര്‍കോട് കൊണ്ടുവരുമെന്ന് നേരത്തെ അശ്വനി പ്രസ്താവന നടത്തിയത് വിവാദമായിരുന്നു. അങ്ങനെ എയിംസ് കാസര്‍കോട് എത്തിച്ചാല്‍ ബിജെപി ജില്ലാ പ്രസിഡന്റിന് ഒരു പവന്‍ തൂക്കമുള്ള സ്വര്‍ണം സമ്മാനമായി നല്‍കുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഒരു മാധ്യമത്തോട് പ്രതികരിച്ചിരുന്നു. എംപി ആയിട്ടു പോലും കാസര്‍കോട് ജില്ലയുടെ വികസനമോ ആരോഗ്യമേഖലയില്‍ ഒരു മാറ്റമോ കൊണ്ടുവരാന്‍ സാധിക്കാത്ത രാജ്മോഹന്‍ ഉണ്ണിച്ചായ്ക്ക് ഒരു മുഴം കയര്‍ താന്‍ വാങ്ങി നല്‍കാമെന്ന് അശ്വനി ഫേസ് ബുക്കിലൂടെ മറുപടി നല്‍കിയതും വിവാദമായിരുന്നു. കേരളത്തിന് ലഭിക്കേണ്ട എയിംസ് കാസര്‍കോട് തന്നെ വേണമെന്ന് അശ്വനി പറഞ്ഞു. കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ ഇതിനുവേണ്ടി രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി എന്ത് ചെയ്തുവെന്ന് അദ്ദേഹത്തെ രണ്ടാമതും വോട്ട് ചെയ്ത് വിജയിപ്പിച്ചവര്‍ ചിന്തിക്കട്ടെയെന്നു അശ്വനി കൂട്ടിച്ചേര്‍ത്തു.
