മലപ്പുറം: അധ്യാപികയുടെ 27.5 ലക്ഷം രൂപയും 21 പവന്‍ സ്വര്‍ണ്ണവും കൈക്കലാക്കി മുങ്ങിയ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഭാര്യയും അറസ്റ്റില്‍. മലപ്പുറം തലക്കടത്തൂര്‍ സ്വദേശി ഫിറോസ്(51) ഭാര്യ റംലത്ത് (45) എന്നിവരെയാണ് പരപ്പനങ്ങാടി പോലീസ് ഇന്‍സ്‌പെക്ടര്‍ വിനോദ് വലിയാട്ടൂരും സംഘവും പിടികൂടിയത്.
1988-90 കാലത്ത് പ്രതിയെ പഠിപ്പിച്ച അധ്യാപികയാണ് തട്ടിപ്പിനിരയായത്. പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ പരിചയംപുതുക്കിയശേഷം ഇയാള്‍ അധ്യാപികയുടെ സ്നേഹം പിടിച്ചുപറ്റി. പിന്നീട് ഭാര്യയുമൊത്ത് അധ്യാപികയുടെ വീട്ടിലെത്തി സ്വര്‍ണവുമായി ബന്ധപ്പെട്ടുള്ള ബിസിനസ് തുടങ്ങുന്നതിനായി പണം ചോദിച്ചു. സ്വര്‍ണ്ണവുമായി ബന്ധപ്പെട്ട ബിസിനസ് തുടങ്ങാന്‍ ആണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ആദ്യം ഒരു ലക്ഷം രൂപ വാങ്ങി 4,000 രൂപ ലാഭം നല്‍കി. പിന്നീട് മൂന്ന് ലക്ഷം വാങ്ങി 12,000 രൂപ ലാഭ വിഹിതം നല്‍കി. വിശ്വാസം പിടിച്ചു പറ്റി തവണകളായി കൂടുതല്‍ പണവും സ്വര്‍ണ്ണവും കൈക്കലാക്കി പ്രതി മുങ്ങി. സ്വര്‍ണം പിന്നീട് തിരൂരിലെ ബാങ്കില്‍ പണയപ്പെടുത്തിയതായി കണ്ടെത്തി. കര്‍ണാടക ഹാസനില്‍ നിന്നാണ് പ്രതിയെ പരപ്പനങ്ങാടി പൊലീസ് പിടികൂടിയത്. ഹാസനില്‍ ആഢംബര ജീവിതം നയിച്ചുവരുന്നതിനിടെയാണ് പൊലീസെത്തിയത്. ഇയാളുടെ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിറ്റു.
