കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ ടാക്സി ഡ്രൈവറായ 30കാരനെ പൊലീസ് അറസ്റ്റുചെയ്തു. വയനാട് ചീരാലിലെ നൗഷാദിനെയാണ് പാലാരിവട്ടം പൊലീസ് കൊച്ചിയിൽ അറസ്റ്റ് ചെയ്തത്. പഠിക്കാൻ മിടുക്കിയായ കുട്ടി പെട്ടെന്ന് പഠനത്തിൽ പിന്നോക്കം പോയതിൽ സംശയം തോന്നിയ മാതാപിതാക്കൾ നടത്തിയ ചോദ്യം ചെയ്യലും നിരീക്ഷണവുമാണു അതിക്രമത്തിലേക്കു വെളിച്ചം വീശിയത്.കുട്ടി പഠനത്തിൽ പിന്നോട്ട് പോയത് ശ്രദ്ധയിൽപെട്ട മാതാപിതാക്കൾ കുട്ടിയുടെ ഫോൺ വിളികൾ നിരീക്ഷിച്ചിരുന്നു. ഇതോടെയാണ് വിവാഹിതനും തന്നേക്കാൾ ഇരട്ടി പ്രായമുള്ള യുവാവുമായി മകൾ സൗഹൃദത്തിലാണെന്ന് മാതാപിതാക്കൾക്ക് മനസിലായത്. തുടർന്നു വീട്ടുകാർ പാലാരിവട്ടം പൊലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ മൊഴിയെടുത്ത പൊലീസ് ലൈംഗികാതിക്രമം നടന്നതായി ബോധ്യപ്പെട്ടതോടെ പോക്സോ നിയമപ്രകാരം കേസെടുത്തു.പ്രണയം നടിച്ച് ഫോൺ വഴി പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കാറിൽ കയറ്റി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. സംഭവത്തിൽ പോക്സോ നിയമത്തിലേതടക്കം വിവിധ വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. സിഐ കെ.ആർ രൂപേഷ്, എസ്.ഐ ഒ.എസ് ഹരിശങ്കർ, ഇ.എസ്.ഐമാരായ ജിഷ, സിഘോഷ്,ഒരു ജോസി കെ.പി, അഖിൽ പത്മൻ, പി.പ്രശാന്ത്, മനൂബ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
