മംഗളൂരു: കൊങ്കണ്‍ റൂട്ടില്‍ ഇരട്ടപ്പാതയാക്കാന്‍ നീക്കം തുടങ്ങി. 263 കിലോമീറ്റര്‍ ഇരട്ടപ്പാതയാക്കാനുള്ള സാധ്യതാ പഠനത്തിന് കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡ് ടെണ്ടര്‍ വിളിച്ചു. കര്‍ണാടകയിലെ മംഗളൂരു (തോക്കൂര്‍), ബൈന്ദൂര്‍, ഗോവയിലെ മജോര്‍ദ, മഹാരാഷ്ട്രയിലെ വൈഭവ്വാഡി റോഡ് എന്നിവയ്ക്കിടയിലുള്ള പാതയിലാണ് സാധ്യതാ പഠനം നടത്തുന്നത്. തോക്കൂര്‍-മൂകാംബിക റോഡ് ബൈന്ദൂര്‍ (112 കി.മീ), മജോര്‍ദ-വൈഭവ്വാടി റോഡ് (151 കി.മീ) എന്നീ ഭാഗങ്ങളുടെ സാധ്യതാ പഠനം നടത്തുന്നതിനായി കോര്‍പ്പറേഷന്‍ ടെണ്ടറുകള്‍ ക്ഷണിച്ചു. ഇരട്ടപ്പാതയാക്കുന്നതിന്റെ ചെലവ് ഇന്ത്യന്‍ റെയില്‍വേക്കൊപ്പം ഓഹരി പങ്കാളിത്തമുള്ള മഹാരാഷ്ട്ര, ഗോവ, കര്‍ണാടകം, കേരളം എന്നീ സംസ്ഥാനങ്ങള്‍ വഹിക്കണം. 2021-ല്‍ കൊങ്കണ്‍ റെയില്‍വേ റോഹയ്ക്കും വീറിനും ഇടയിലുള്ള ഒരു ഭാഗം 47 കി.മീറ്റര്‍ ദൂരം ഇരട്ടപ്പാതയാക്കിയിരുന്നു. ചരക്ക്, പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിക്കുന്നതിനുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്താണ് പാത ഇരട്ടിപ്പിക്കല്‍ അനിവാര്യമായി മാറിയതെന്ന് അധികൃതര്‍ പറയുന്നു.
കര്‍ണാടക സര്‍ക്കാരിന്റെ സഹായത്തോടെ അടുത്തിടെ കെആര്‍സിഎല്‍ ഏകദേശം 200 കിലോമീറ്റര്‍ ട്രാക്കിന്റെ പൂര്‍ണ്ണമായ നവീകരണം ഏറ്റെടുത്തതായി സിഎംഡി സന്തോഷ് കുമാര്‍ ഝാ പറഞ്ഞു. കൊങ്കണ്‍ പാതയിലോടുന്ന 55 ട്രെയിനുകളില്‍ 28 എണ്ണം കേരളത്തിലൂടെ ഓടുന്നവയാണ്.
പാത ഇരട്ടിപ്പിച്ചാല്‍ കേരളത്തിലൂടെ ഓടുന്ന നേത്രാവതി, മംഗള എക്സ്പ്രസുകള്‍ ഉള്‍പ്പെടെ എല്ലാ ട്രെയിനുകളും ഓട്ടത്തില്‍ മണിക്കൂറുകള്‍ ലാഭിക്കാനാകും. ട്രെയിനുകള്‍ പിടിച്ചിടുന്നതും ഒഴിവാക്കാനാകും. പാതയില്‍ 72 സ്റ്റേഷനുകളുണ്ട്. തോക്കൂറിനും ബൈന്ദൂരിനും ഇടയില്‍ തുരങ്കങ്ങള്‍ നിര്‍മിക്കേണ്ടതില്ല. ഓള്‍ഡ് ഗോവയിലും വെര്‍ണയിലും മറ്റ് രണ്ട് തുരങ്കങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള തീരുമാനം കോര്‍പ്പറേഷന്‍ ഉടന്‍ എടുക്കും.
