പയ്യന്നൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പൊലീസ് കാവലില്‍ ചികില്‍സയിലിരിക്കെ രക്ഷപ്പെട്ട കവര്‍ച്ചാ കേസിലെ പ്രതി മണിക്കൂറുകള്‍ക്കകം പിടിയില്‍. കൊല്ലം സ്വദേശിയായ ബാബു എന്ന തീവെട്ടി ബാബു(60)വിനെയാണ് പരിയാരം ഏമ്പേറ്റ് ഗ്രൗണ്ടിന് സമീപം വെച്ച് പൊലീസ് പിടികൂടിയത്. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് ബാബു പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടത്. പയ്യന്നൂരില്‍ വഴിയാത്രക്കാരന്റെ പണം അടങ്ങിയ ബാഗ് തട്ടിപ്പറിച്ച് ഓടിയ കേസില്‍ രണ്ടാഴ്ച മുമ്പാണ് ബാബു പൊലീസിന്റെ പിടിയിലായത്. 60 ല്‍പരം കവര്‍ച്ചാ കേസുകളില്‍ പ്രതിയാണ് ബാബു.
അറസ്റ്റിലായ ബാബുവിനു ഗുരുതരമായ രോഗം ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പൊലീസ് കാവലില്‍ ചികിത്സ നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു.
