തിരുവനന്തപുരം: പ്രണയനൈരാശ്യത്തെ തുടര്‍ന്ന് പുഴയില്‍ ചാടി ആത്മഹത്യ ചെയ്യാനെത്തിയ യുവാവിനു രക്ഷകരായി പൊലീസ്.
ബുധനാഴ്ച രാത്രി ആറ്റിങ്ങല്‍, അയിലാം പാലത്തിലാണ് സംഭവം. ആറ്റിങ്ങല്‍ എസ്.ഐ ജിഷ്ണുവും അസി.സബ് ഇന്‍സ്‌പെക്ടര്‍ മുരളീധരന്‍ പിള്ളയും രാത്രികാല പട്രോളിംഗ് നടത്തുന്നതിനിടയിലാണ് അയിലാംപാലത്തില്‍ എത്തിയത്. ഈ സമയത്ത് പാലത്തിന്റെ കൈവരിയില്‍ കയറി നില്‍ക്കുകയായിരുന്നു യുവാവ്. ഇതു കണ്ട് എസ്.ഐ വാഹനം നിര്‍ത്തുകയും യുവാവിന്റെ അരികിലേക്ക് എത്തി അനുനയിപ്പിക്കുകയായിരുന്നു.
യുവാവിനെ രക്ഷപ്പെടുത്തിയ എസ്.ഐ അരികില്‍ ഇരുത്തി പ്രശ്‌നം ചോദിച്ചറിഞ്ഞു. പ്രണയനൈരാശ്യമാണ് ആത്മഹത്യാശ്രമത്തിനു കാരണമായതെന്നാണ് യുവാവ് എസ്.ഐയോട് വിശദീകരിച്ചത്. പ്രശ്‌നങ്ങളെല്ലാം സംസാരിച്ച് തീര്‍ക്കുമെന്ന് പൊലീസ് ഉറപ്പു നല്‍കുകയും ചെയ്തു. ആത്മഹത്യ ഒന്നിനും പരിഹാരം അല്ലെന്നും ആത്മഹത്യ പ്രവണത ഉള്ളവര്‍ ദിശ ഹെല്‍പ്പ് ലൈനിലോ (1056), ടെലി മനസ്സ് ഹെല്‍പ് ലൈനിലോ (14416) ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.
