തിരുവനന്തപുരം: സിപിഎം വനിതാ നേതാവ് കെ ജെ ഷൈനിനെതിരായ സൈബര്‍ ആക്രമണത്തില്‍ കെ എം ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്ങമനാട് എസ്എച്ച്ഒ ആക്കുളത്തെ വീട്ടിൽ നിന്നാണ് കെ എം ഷാജഹാനെ അറസ്റ്റ് ചെയ്തത്. ഷൈൻ നൽകിയ കേസിനെ കുറിച്ച് ഷാജഹാന്‍ അധിക്ഷേപ പരാമർശം നടത്തിയിരുന്നു. എഫ്ഐആറിനെ കുറിച്ച് സ്‌ത്രീയുടെ പേര് പറഞ്ഞായിരുന്നു ഷാജഹാന്‍ വീഡിയോ ചെയ്തത്. ഇതിന് വീണ്ടും ഷൈൻ പരാതി നൽകിയിരുന്നു. റൂറൽ സൈബർ പൊലീസെടുത്ത കേസിലാണ് ഇപ്പോൾ കസ്റ്റഡിയിലെടുത്തത്. കെ ജെ ഷൈനിന് എതിരായ സൈബർ ആക്രമണക്കേസിൽ കെ എം ഷാജഹാനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. വിവാദ വീഡിയോ സൂക്ഷിച്ച മെമ്മറി കാർഡ് കഴിഞ്ഞ ദിവസം ഷാജഹാൻ അന്വേഷണസംഘത്തിന് കൈമാറുകയും ചെയ്തിരുന്നു. ഷാജഹാന്‍റെ ഫോൺ അന്വേഷണ സംഘം നേരത്തെ പിടിച്ചെടുത്തിരുന്നെങ്കിലും വിവാദ വീഡിയോ സൂക്ഷിച്ച മെമ്മറി കാർഡ് നൽകിയിരുന്നില്ല. കെ ജെ ഷൈനിന്‍റെ പേര് വീഡിയോയിൽ പരാമർശിച്ചിട്ടില്ലെന്ന നിലപാടാണ് അന്വേഷണസംഘത്തിന് മുന്നിൽ ഷാജഹാൻ കഴിഞ്ഞ ദിവസവും ആവർത്തിച്ചിരുന്നത്. കെ ജെ ഷൈൻ വ്യാഴാഴ്ച ഉച്ചയോടെ നൽകിയ പരാതിയിൽ റൂറൽ സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത പുതിയ കേസിലാണ് അറസ്റ്റ്. ഷാജഹാനുമായി സൈബർ പൊലീസ് കൊച്ചിക്ക് പോയി. വൈദ്യപരിശോധനയടക്കമുള്ള നടപടികൾ കൊച്ചിയിലെത്തിയശേഷമായിരിക്കും നടക്കുക.
