കുമ്പള: കുമ്പള ടൗണിലെ അനധികൃത കെട്ടിട നിര്‍മ്മാണത്തെക്കുറിച്ചും അതിനു പഞ്ചായത്തു ഭരണസമിതി ഒത്താശ നല്‍കുന്നെന്ന പരാതിയെക്കുറിച്ചും വിജിലന്‍സ് അന്വേഷണമാരംഭിച്ചു.
വിജിലന്‍സ് ഡിവൈ എസ് പിയുടെ നേതൃത്വത്തില്‍ ഇന്നു (വ്യാഴാഴ്ച) രാവിലെ പഞ്ചായത്ത് ഓഫീസിലെത്തിയ വിജിലന്‍സ് സംഘം കെട്ടിട നിര്‍മ്മാണത്തെക്കുറിച്ചും അതിനു പഞ്ചായത്ത് നല്‍കിയ അനുമതിയെ കുറിച്ചുമുള്ള ഫയലുകള്‍ പരിശോധിക്കുകയും കൂടുതല്‍ അന്വേഷണമാവശ്യമുള്ള ഫയലുകള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ആരോപണ വിധേയമായ ടൗണിലെ ചില കെട്ടിടങ്ങള്‍ അളന്നു പരിശോധിച്ചു.
കുമ്പള പഞ്ചായത്ത് അനധികൃത കെട്ടിടങ്ങള്‍ക്കു നിര്‍മ്മാണാനുമതിയും അത്തരത്തില്‍ നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്കു കെട്ടിടം പൂര്‍ത്തിയായതിന്റെ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റുകളും കെട്ടിട നമ്പറുകളും നല്‍കുന്നുണ്ടെന്നും പഞ്ചായത്ത്, കെട്ടി നിര്‍മ്മാണച്ചട്ടം അപ്പടി ലംഘിക്കുകയാണെന്നും ആരോപിച്ചു കുമ്പളയിലെ വ്യവസായി വിക്രംപൈ നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു പരിശോധന. അടുത്ത കാലത്തു വിവാദമായിരുന്ന കുമ്പള മര്‍ച്ചന്റ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘം ഓഫീസ് ഇത്തരമൊരു കെട്ടിടത്തിലേക്കു മാറ്റുന്നതു സംബന്ധിച്ച ആരോപണങ്ങളും പരാതികളുമാണ് വിജിലന്‍സ് അന്വേഷണത്തിന് വഴിവച്ചത്.
കുമ്പള ടൗണില്‍ 16 സെന്റ് സ്ഥലത്തു 653 ചതുരശ്ര മീറ്ററില്‍ ഇരുനില കെട്ടിടം നിര്‍മ്മിക്കാന്‍ 2016ല്‍ കുമ്പള പഞ്ചായത്ത് ഭരണസമിതി അനുമതി നല്‍കിയിരുന്നു. ഈ അനുമതിയുടെ ബലത്തില്‍ അതേസ്ഥലത്തു നാലുനില കെട്ടിടം പണിഞ്ഞു. 2200 ചതുരശ്ര മീറ്ററില്‍ പണിത കെട്ടിടത്തിലാണ് മര്‍ച്ചന്റ്‌സ് വെല്‍ഫെയര്‍ സഹ. സംഘം മാറ്റിയത്. എന്നാല്‍ ഇതു സംബന്ധിച്ച വാടകക്കരാറില്‍ എത്ര സ്‌ക്വയര്‍ ഫീറ്റ് സ്ഥലമാണ് സംഘത്തിനു വാടകക്കു നല്‍കിയതെന്നു വ്യക്തമാക്കാതിരുന്നതും വ്യാപാരികള്‍ തമ്മില്‍ അഭിപ്രായ ഭിന്നതക്കു ഇടയാക്കിയിരുന്നു. മാത്രമല്ല 653 ചതുരശ്രമീറ്റര്‍ കെട്ടിടം രണ്ടു നിലയില്‍ പണിയാനാണ് അനുമതി നല്‍കിയിരുന്നെങ്കിലും കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായപ്പോള്‍ അതു നാലുനിലയാവുകയും നാലാം നിലയിലെ ഹാളിനു മാത്രം 8000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ളതായും പരാതിയുണ്ടായിരുന്നു. മാത്രമല്ല, കെട്ടിടത്തിലെ മുറികള്‍ക്കും ഹാളിനും പഞ്ചായത്ത് ഡോര്‍ നമ്പറും നല്‍കിയിട്ടുണ്ടെന്നും പരാതിയുണ്ടായിരുന്നു.
കുമ്പള ടൗണിലെയും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലേയും നിരവധി കെട്ടിടങ്ങള്‍ കെട്ടിട നിര്‍മ്മാണച്ചട്ടം ലംഘിച്ചാണ് നിര്‍മ്മിച്ചിട്ടുള്ളതെന്നും വ്യാപക പരാതികളുണ്ട്. അതു സംബന്ധിച്ചും അന്വേഷണമുണ്ടായേക്കുമെന്നു സൂചനയുണ്ട്.
