തിരുവനന്തപുരം: കഠിനംകുളത്ത് പൂജാരിയുടെ ഭാര്യ ആതിരയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ചെല്ലാനം സ്വദേശി ജോണ്‍സണ്‍ ഔസേപ്പിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരണമെന്ന് ഉത്തരവിട്ട കോടതി, റിമാന്‍ഡ് ഈ മാസം 30 വരെ നീട്ടി. തിരുവനന്തപുരം ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ഉത്തരവിട്ടത്. പ്രതി പുറത്തിറങ്ങുന്നത് സമൂഹത്തിന് ആപത്തെന്ന് കോടതി വിലയിരുത്തി. പൂജാരിയുടെ ഭാര്യ ആതിരയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ജോണ്‍സണ്‍ ഔസേപ്പിനെതിരെയുള്ള കുറ്റപത്രത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. ആതിരയുടെ ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി ജോണ്‍സണ്‍ ഒരു ലക്ഷത്തോളം രൂപ കൈക്കലാക്കിയിരുന്നു. കൊലപാതകം നടക്കുന്നതിന് മൂന്ന് ദിവസം മുന്‍പും ഇയാള്‍ 2500 രൂപ ആതിരയില്‍ നിന്ന് വാങ്ങി. തനിക്കൊപ്പം വരണമെന്ന് ജോണ്‍സണ്‍ ആതിരയോട് ആവശ്യപ്പെട്ടു. എന്നാല്‍ കുട്ടിയുള്ളതിനാല്‍ കൂടെ വരാന്‍ കഴിയില്ലെന്ന് ആതിര വ്യക്തമാക്കിയതോടെ ജോണ്‍സണ്‍ പ്രകോപിതനായി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. വെഞ്ഞാറമൂട് സ്വദേശിനി ആതിര (30) ആണ് കൊല്ലപ്പെട്ടത്. ജനുവരി 21-നാണ് ആതിരയെ കഴുത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതി തന്നെ കൊലപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് ആതിര, പൂജാരിയായ ഭര്‍ത്താവിനോട് നേരത്തെ പറഞ്ഞിരുന്നതായി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം വഴിയാണ് ആതിരയും ജോണ്‍സണും തമ്മില്‍ പരിചയപ്പെട്ടത്.
