കാസര്‍കോട്: ഓട്ടോയ്ക്കു പിന്നില്‍ കാറിടിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റ സംഭവത്തെ തുടര്‍ന്ന് ആസിഡ് കഴിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു. ബേത്തൂര്‍പ്പാറ, പള്ളഞ്ചിയിലെ പരേതനായ ശേഖരന്‍ നായരുടെ മകന്‍ അനീഷ് (40)ആണ് ബുധനാഴ്ച രാവിലെ മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരമാണ് അനീഷ് ആസിഡ് കഴിച്ചത്. വിദ്യാര്‍ത്ഥികളെയും കൊണ്ട് ബേത്തൂര്‍പ്പാറയില്‍ നിന്നു പള്ളഞ്ചിയിലേയ്ക്ക് പോവുകയായിരുന്നു അനീഷ്. ബേത്തൂര്‍പ്പാറ സ്‌കൂളിനു സമീപത്ത് വച്ച് അനീഷിന്റെ ഓട്ടോയുടെ പിന്നില്‍ കാറിടിക്കുകയായിരുന്നു. അപകടത്തില്‍ ബേത്തൂര്‍പ്പാറ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ പള്ളഞ്ചിയിലെ ശ്രീഹരി, അതുല്‍, ആദര്‍ശ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമാണെന്നു കരുതിയ അനീഷ് ഓട്ടോയില്‍ ഉണ്ടായിരുന്ന ആസിഡ് കഴിക്കുകയായിരുന്നുവെന്നു സംശയിക്കുന്നു. ബജ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് അധ്യാപകന്‍ ബെനറ്റ് ഓടിച്ചിരുന്ന കാറാണ് ഓട്ടോയില്‍ ഇടിച്ചത്.
കമലാക്ഷിയാണ് അനീഷിന്റെ മാതാവ്. ഭാര്യ വീണ(കാര്‍വാര്‍). മക്കള്‍: ധീരവ്, ആരവ് (വിദ്യാര്‍ത്ഥികള്‍ ബേത്തൂര്‍പ്പാറ ഗവ. എല്‍ പി സ്‌കൂള്‍). സഹോദരങ്ങള്‍: രതീഷ്, ലളിത.
