കൊച്ചി: ഭൂട്ടാനിൽ നിന്ന് നിയമവിരുദ്ധമായി വാഹനങ്ങൾ കടത്തിയ കേസിൽ നടൻ ദുൽഖർ സൽമാന് കസ്റ്റംസ് ഇന്ന് സമൻസ് നൽകും. വാഹനത്തിന്റെ റജിസ്ട്രേഷൻ അടക്കമുള്ള എല്ലാ രേഖകളും ഹാജരാക്കണമെന്നാണ് നിർദേശം നൽകും. കൃത്യമായ രേഖകൾ ഹാജരാക്കിയില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കാനാണ് കസ്റ്റംസ് തീരുമാനം. ദുൽഖർ സൽമാന്റെ വീട്ടിൽ നിന്ന് ഡിഫൻഡറും ലാൻഡ് ക്രൂസറുമാണ് പിടിച്ചെടുത്തിട്ടുള്ളത്. ഇതിൽ തൃശൂർ റജിസ്ട്രേഷനിലുള്ള ലാൻഡ് ക്രൂസർ ദുൽഖറിന്റെ പേരിലല്ല. ഇതിന്റെ ഉടമയാര് എന്ന് കസ്റ്റംസ് അന്വേഷണമാരംഭിച്ചു. മറ്റ് രണ്ടു വാഹനങ്ങൾക്കായുള്ള അന്വേഷണവും തുടരുകയാണ്. സിനിമാ താരങ്ങളെക്കൂടാതെ വ്യവസായികൾ. വാഹന ഡീലർമാർ, ഇടനിലക്കാർ എന്നിവരുടെ വീടുകളിലും ഓഫീസുകളിലും സ്ഥാപനങ്ങളിലും പരിശോധന നടന്നു. എക്സൈസ് തീരുവ വെട്ടിച്ച് കേരളത്തിലെത്തിച്ച ഇരുപതോളം വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. അതിനിടെ ചലച്ചിത്രതാരം അമിത് ചക്കാലക്കലിനെ മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. കൊച്ചിയിലെ റെയ്ഡില്‍ മമ്മൂട്ടിയുടെ പനമ്പള്ളിനഗറിലെ വീട്ടിലും വീടിന് സമീപത്തെ ഗാരേജിലും പരിശോധന നടന്നു. പൃഥ്വിരാജിന്റെ തേവരയിലെ വീട്ടില്‍ റെയ്ഡ് നടന്നങ്കിലും വാഹനങ്ങളൊന്നും പിടിച്ചെടുത്തില്ല. ഭൂട്ടാനില്‍ നിന്നും നികുതി വെട്ടിച്ച് കാറുകള്‍ ഇന്ത്യയിലെത്തിച്ചെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷന്‍ നുംഖോര്‍ എന്ന പേരില്‍ സംസ്ഥാന വ്യാപക പരിശോധന. കേരളത്തിലേക്ക് ഇത്തരത്തിൽ ഇരുനൂറോളം വാഹനങ്ങൾ കൊണ്ടുവന്ന ഇടനിലക്കാരടക്കമുളളവരെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.ഇവരെ ചോദ്യം ചെയ്ത് രാജ്യാന്തര ശൃംഖലയുമായുള്ള ബന്ധം സ്ഥീരികരിക്കാനുള്ള തെളിവ് ശേഖരണത്തിലാണ് കസ്റ്റംസ്.







