തിരുവനന്തപുരം: വിഴിഞ്ഞത്ത് റിട്ട. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ വന്‍ കവര്‍ച്ച. 90 പവന്‍ സ്വര്‍ണ്ണവും ലക്ഷം രൂപയും നഷ്ടപ്പെട്ടു. വിഴിഞ്ഞം വെങ്ങാന്നൂര്‍, വെണ്ണിയൂര്‍, മാവുവിള വില്‍സണ്‍വില്ലയിലെ ഗില്‍ബെര്‍ട്ടിന്റെ വീട്ടിലാണ് കവര്‍ച്ച.
ഗില്‍ബെര്‍ട്ടിന്റെ സഹോദരിയുടെ മകന്‍ അടുത്തിടെ മരണപ്പെട്ടിരുന്നു. അതിനുശേഷം എല്ലാ ദിവസവും രാത്രി ഗില്‍ബെര്‍ട്ടും ഭാര്യയും സഹോദരിയുടെ വീട്ടില്‍ കൂട്ടുകിടക്കാന്‍ പോകുക പതിവായിരുന്നു. പതിവുപോലെ ചൊവ്വാഴ്ചയും കൂട്ടിനു പോയിരുന്നു. ബുധനാഴ്ച രാവിലെ വീട്ടില്‍ എത്തിയപ്പോഴാണ് വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്. വീടിന്റെ രണ്ടാം നിലയിലെ മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 90 പവന്‍ സ്വര്‍ണ്ണവും മറ്റൊരു മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ലക്ഷം രൂപയുമാണ് കവര്‍ച്ച പോയതെന്നും ഗില്‍ബെര്‍ട്ട് നല്‍കിയ പരാതിയില്‍ പറഞ്ഞു. മകളുടെയും മരുമകളുടെയും ഭാര്യയുടെയും ആഭരണങ്ങളാണ് കവര്‍ച്ച പോയതെന്നു ഗില്‍ബെര്‍ട്ട് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
