കൊച്ചി: ഭൂട്ടാന്‍ വഴി ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയിലേയ്ക്ക് എത്തിച്ചുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് രാജ്യവ്യാപകമായി കസ്റ്റംസ് റെയ്ഡ്. ‘ഓപ്പറേഷന്‍ നുംകൂര്‍’ എന്ന പേരിട്ടിരിക്കുന്ന റെയ്ഡിന്റെ ഭാഗമായി മലയാള സിനിമയിലെ പ്രമുഖ താരങ്ങളായ പൃഥ്വിരാജിന്റെയും ദുല്‍ഖറിന്റെയും വീടുകളില്‍ റെയ്ഡ് തുടരുന്നു. തേവരയിലെ വീടു കൂടാതെ പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിലും റെയ്ഡ് നടന്നു.
കേരളത്തില്‍ 30 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. തിരുവനന്തപുരത്തിനും എറണാകുളത്തിനും പുറമെ കോട്ടയം, കോഴിക്കോട്, മലപ്പുറം ജില്ലകളിലും റെയ്ഡ് നടക്കുകയാണ്. സംസ്ഥാനത്തെ ഏതാനും കാര്‍ ഷോറൂമുകളിലും പരിശോധന നടക്കുന്നുണ്ട്. മോട്ടോര്‍ വാഹന വകുപ്പിന്റെ സഹകരണത്തോടെയാണ് റെയ്ഡ് പുരോഗമിക്കുന്നത്.
അത്യാഡംബര വിദേശ കാറുകള്‍ ഭൂട്ടാനില്‍ എത്തിക്കുകയും അവിടെ നിന്നു നികുതി വെട്ടിച്ച് ഹിമാചല്‍ പ്രദേശില്‍ എത്തിക്കുകയാണ് കടത്തു സംഘത്തിന്റെ രീതി. പിന്നീട് ഹിമാചല്‍ പ്രദേശ് രജിസ്‌ട്രേഷന്‍ സമ്പാദിച്ച ശേഷം ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്നുവെന്നാണ് കസ്റ്റംസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്.
