കാസർകോട്: നഗരത്തിലെ അശ്വിനി നഗറിൽ വൻ തീപിടിത്തം. മില ഷോപ്പിംഗ് സെന്ററിലെ ഡോ. ഗോപാലകൃഷ്ണ, ഭാര്യ ഡോ. സുധാ ഭട്ട് എന്നിവരുടെ സ്പർശ സ്കിൻ ആൻഡ് കിഡ്സ് കെയർ ക്ലിനിക്കിലാണ് തീപിടിത്തം ഉണ്ടായത്. സ്ഥാപനത്തിലെ ഫർണിച്ചറുകളും ഉപകരണങ്ങളും അഗ്നിക്കിരയായി. അഗ്നിരക്ഷാസേന എത്തി ഒരു മണിക്കൂർ പരിശ്രമിച്ചാണ് തീ അണച്ചത്. തിങ്കളാഴ്ച രാത്രി 11 മണിയോടുകൂടിയാണ് സംഭവം. കെട്ടിടത്തിന്റെ സമീപത്തെ ഹോട്ടൽ തൊഴിലാളികളാണ് ക്ലിനിക്കിൽ നിന്ന് തീയും പുകയും ഉയരുന്നത് ആദ്യം കണ്ടത്. ഉടൻതന്നെ കാസർകോട് അഗ്നി രക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സീനിയർ റെസ്ക്യൂ ഓഫീസർ വി എൻ വേണുഗോപാലിന്റെ നേതൃത്വത്തിൽ 2 യൂണിറ്റ് വാഹനം സ്ഥലത്തെത്തി. നാല് മുറികളിലായി പ്രവർത്തിച്ചിരുന്ന ക്ലിനിക്കിൽ സേന എത്തുമ്പോഴേക്കും ശക്തമായ പുക കാരണം റൂമുകളിലേക്ക് കയറാൻ പറ്റാത്ത സ്ഥിതിയായിരുന്നു. സേനയുടെ എക്സ് ഹോസ്റ്റ് ബ്ലോവർ ഫാൻ ഉപയോഗിച്ച് പുക പുറന്തള്ളി. ബ്രീത്തിങ് അപ്പാരറ്റസ് സെറ്റ് ധരിച്ച് റൂമുകളുടെ ഷട്ടർ പൂട്ടുകൾ കട്ടർ ഉപയോഗിച്ച് കട്ട് ചെയ്ത ശേഷം അകത്ത് പ്രവേശിച്ചു. അപ്പോഴേക്കും മുറികളിൽ ഉണ്ടായിരുന്ന എസി ,ഫ്രിഡ്ജ്, ഫാനുകൾ, കമ്പ്യൂട്ടറുകൾ, ഫർണിച്ചറുകൾ, ക്ലിനിക്കൽ ഉപകരണങ്ങൾ മരുന്നുകൾ മറ്റ് അനുബന്ധ വസ്തുക്കൾ പൂർണമായും കത്തി നശിച്ചിരുന്നു. വെള്ളം പമ്പ് ചെയ്ത് തീ നിയന്ത്രണവിധേയമാക്കി. റൂമുകളിൽ ഉണ്ടായിരുന്ന തീ പടരാൻ സാധ്യതയുള്ള മറ്റു വസ്തുക്കൾ പുറത്തേക്ക് എത്തിക്കുകയും ചെയ്തിരുന്നു. തീ പിടിച്ച കെട്ടിടത്തിൽ ഹോട്ടൽ, ലോഡ്ജിങ് , ഫ്രൂട്ട്സ് കട ജ്വല്ലറി ,കമ്പ്യൂട്ടർ സ്ഥാപനം, ദന്തൽ ക്ലിനിക്ക് , ഫൈനാൻസ് കമ്പനി തുടങ്ങിയ 15 ഓളം സ്ഥാപനങ്ങൾ പ്രവർത്തിച്ചുവരുന്നുണ്ട്. സേനയുടെ സമയോചിതമായ ഇടപെടൽ മൂലം വൻ തീപിടിത്തം മറ്റ് ഇടങ്ങളിലേക്ക് പടരുന്നത് തടയാൻ കഴിഞ്ഞു. അബ്ദുള്ള ഹാജിയുടെ ഉടമസ്ഥതയിലുള്ളതാണ് തീപിടിച്ച കെട്ടിടം. ഏകദേശം 25 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിവരം. എ സി യിൽ നിന്ന് ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിക്കാൻ കാരണമെന്ന് അനുമാനിക്കുന്നു. കെട്ടിടത്തിന് വേണ്ടത്ര സുരക്ഷ ഉണ്ടായിരുന്നില്ലെന്നും ആക്ഷേപമുണ്ട്. സേനാംഗങ്ങളായ എം രമേശ്, ഒ കെ പ്രജിത്ത്, പി രാജേഷ്, എസ് അരുൺകുമാർ, ജിത്തു തോമസ്,എം എ വൈശാഖ്, ഹോം ഗാർഡുമാരായ എ രാജേന്ദ്രൻ, വി.ജി.വിജിത്ത്, കെ സുമേഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. കൂടാതെ പൊലീസ്, കെഎസ്ഇബി. ജീവനക്കാർ, നാട്ടുകാർ തുടങ്ങിയവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
