കാസര്‍കോട്: ഒരു വ്യാഴവട്ടത്തിനു ശേഷം പ്രവര്‍ത്തനമാരംഭിക്കുന്ന കാസര്‍കോട് മെഡിക്കല്‍ കോളേജിന് ഇന്ന് (തിങ്കളാഴ്ച) അഭിമാനദിനം.
ഉക്കിനടുക്കയിലെ കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ആദ്യ എം ബി ബി എസ് വിദ്യാര്‍ത്ഥി ഇന്നു പ്രവേശിച്ചു. രാജസ്ഥാന്‍ സ്വദേശി ഗോവിന്ദര്‍ സിംഗാണ് ഇന്ന് എം ബി ബി എസിന് അഡ്മിഷന്‍ നേടിയത്. കോളേജ് പ്രവേശനം നേടിയ ഗോവിന്ദര്‍ സിംഗിനെ അധികൃതര്‍ മധുരം നല്‍കി വരവേറ്റു.
2013 ആഗസ്റ്റ് ഏഴിനു തറക്കല്ലിട്ട കോളേജില്‍ ക്ലാസുകള്‍ക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന് ഇക്കൊല്ലം തന്നെ ക്ലാസ് ആരംഭിക്കുന്നതിനു ദേശീയ മെഡിക്കല്‍ കൗണ്‍സില്‍ അനുമതി നല്‍കിയിരുന്നു. അനുമതി ലഭിക്കാന്‍ അല്പം വൈകിയതുകൊണ്ട് ആദ്യഘട്ട അലോട്ട്‌മെന്റില്‍ കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ് ഉള്‍പ്പെട്ടിരുന്നില്ല. രണ്ടും മൂന്നും അലോട്ട് മെന്റില്‍ ബാക്കി വിദ്യാര്‍ത്ഥികളെത്തും. എം ബി ബി എസിന് 50 വിദ്യാര്‍ത്ഥികള്‍ക്കു പ്രവേശനം നല്‍കാനാണ് ദേശീയ മെഡിക്കല്‍ കൗണ്‍സില്‍ അനുമതി നല്‍കിയിട്ടുള്ളത്. 30നു മുമ്പ് അഡ്മിഷന്‍ പൂര്‍ത്തിയാവുമെന്നു പ്രതീക്ഷിക്കുന്നു.
കാസര്‍കോട്ട് മെഡിക്കല്‍ കോളേജിനു വേണ്ടി മുറവിളി കൂട്ടിയവര്‍ എം ബി ബി എസ് പഠനത്തിന് അര്‍ഹതയുള്ള അവരുടെ മക്കളെയും ബന്ധുക്കളെയും പാര്‍ട്ടിക്കാരുടെ മക്കളെയും കാസര്‍കോടു മെഡിക്കല്‍ കോളേജിലെ ആദ്യ വിദ്യാര്‍ത്ഥികളാക്കാന്‍ മനസ്സു വച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്. പ്രശസ്ത കോളേജുകളില്‍ അത്തരക്കാര്‍ സീറ്റു തരപ്പെടുത്തിയിട്ടുണ്ടാവുമെന്നു സ്വകാര്യ ചര്‍ച്ചകളുണ്ട്.
എന്തായാലും ദീര്‍ഘകാലത്തെ മുറവിളിയുടെ പ്രയോജനം സാക്ഷാത്കരിക്കപ്പെട്ടതില്‍ ജില്ല ചാരിതാര്‍ത്ഥ്യം കൊള്ളുന്നു.
