കൊച്ചി: മുന്‍ മാനേജറെന്ന് അവകാശപ്പെടുന്ന വിപിന്‍ കുമാറിനെ മര്‍ദ്ദിച്ചുവെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന് കാക്കനാട് മജിസ്‌ട്രേറ്റ് കോടതി സമന്‍സ് അയച്ചു. അടുത്തമാസം 27ന് കോടതിയില്‍ ഹാജരാകണം. കേസില്‍ ഇന്‍ഫോപാര്‍ക്ക് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഏപ്രില്‍ 26നായിരുന്നു കേസിന് ആസ്പദമായ സംഭവം. ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചു എന്ന് ആരോപിച്ചാണ് വിപിന്‍ കുമാര്‍ ഇന്‍ഫോ പാര്‍ക്ക് പൊലീസില്‍ പരാതിപ്പെട്ടത്. ഉണ്ണി മുകുന്ദന്റെ ഒടുവില്‍ ഇറങ്ങിയ സിനിമ പരാജയപ്പെട്ട സാഹചര്യത്തില്‍ മാനേജറായ താന്‍ നരിവേട്ട സിനിമയെ പുകഴ്ത്തി സോഷ്യല്‍ മീഡിയാ പോസ്റ്റ് ഇട്ടതാണ് നടനെ പ്രകോപിപിച്ചത് എന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അസഭ്യം പറഞ്ഞ് മര്‍ദ്ദിക്കാനുള്ള കാരണം എന്നും പരാതിയില്‍ പറഞ്ഞിരുന്നു.
ശാരീരികമായ ആക്രമണം നടന്നിട്ടില്ലെന്നും തികച്ചും അസത്യമായ ആരോപണങ്ങളാണ് തനിക്കെതിരെ വിപിന്‍ കുമാര്‍ ഉയര്‍ത്തിയിരിക്കുന്നതെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു. വിപിന്‍ കുമാറിനെ തന്റെ പേഴ്സണ്‍ മാനേജറായി ഇതുവരെ നിയമിച്ചിട്ടില്ലെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കിയിരുന്നു.
