ആലപ്പുഴ: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികലയെ വിഷകലയെന്ന് വിളിച്ചതില്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ രാജ്മോഹന്‍ ഉണ്ണിത്താന്‍ കുറ്റക്കാരനല്ലെന്ന് കോടതി. കെ പി ശശികല നല്‍കിയ അപകീര്‍ത്തി കേസ് തള്ളിയാണ് ചേര്‍ത്തല ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ വിധി. കേസ് തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ ഹാജരാക്കാനും നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാനും കെ പി ശശികലയ്ക്ക് കഴിഞ്ഞില്ലെന്നും വിധിന്യായത്തില്‍ വിചാരണക്കോടതി നിരീക്ഷിച്ചു.മനോരമ ചാനലിലെ സംവാദ പരിപാടിക്കിടെ 2017 ഒക്ടോബര്‍ രണ്ടിനായിരുന്നു രാജ്മോഹന്‍ ഉണ്ണിത്താന്റെ വിവാദ പരാമര്‍ശം. കേവല വിമര്‍ശത്തിനപ്പുറം രാജ്മോഹന്‍ ഉണ്ണിത്താന്റേത് വ്യക്തി അധിക്ഷേപ പരാമര്‍ശമാണ് എന്ന് തെളിയിക്കാന്‍ കെ പി ശശികലയ്ക്ക് കഴിഞ്ഞില്ലെന്നാണ് മജിസ്ട്രേറ്റ് കോടതിയുടെ നിരീക്ഷണം. പൊതുമധ്യത്തില്‍ സംപ്രേഷണം ചെയ്യപ്പെട്ടുവെന്നതിന് മതിയായ തെളിവുകള്‍ ഹാജരാക്കാനും കെ പി ശശികലയ്ക്കായില്ല. ചാനല്‍ ചര്‍ച്ചയുടെ സാക്ഷ്യപ്പെടുത്തിയ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ കെ പി ശശികലയ്ക്ക് കഴിഞ്ഞില്ല. രാജ്മോഹന്‍ ഉണ്ണിത്താന്റെ വാദങ്ങള്‍ക്കെതിരെ മതിയായ മറുവാദം ഉന്നയിക്കാന്‍ കെ പി ശശികലയ്ക്ക് കഴിഞ്ഞിട്ടില്ലെന്നുമാണ് മജിസ്ട്രേറ്റ് ഷെറിന്‍ കെ ജോര്‍ജ്ജിന്റെ നിരീക്ഷണം. ജന്മഭൂമി ലേഖകയെയും ആര്‍എസ്എസ് പ്രവര്‍ത്തകരെയുമാണ് സാക്ഷികളായി ശശികല കോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍ ഇവരുടെ സാക്ഷിമൊഴി വിശ്വാസത്തിൽ എടുക്കാനാവില്ലെന്നാണ് മജിസ്ട്രേറ്റ് കോടതിയുടെ നിരീക്ഷണം. പരാതിക്കാരി കേസ് നടത്തിയതിലെ നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടെന്നുമാണ് മജിസ്ട്രേറ്റ് കോടതിയുടെ വിമര്‍ശനം.
