കൊച്ചി: ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മലയാള സിനിമയ്ക്കും പ്രേക്ഷകര്‍ക്കും സമര്‍പ്പിക്കുന്നതായി നടന്‍ മോഹന്‍ലാല്‍. ജൂറിയോടും ഇന്ത്യന്‍ ഗവണ്മെന്റിനോടും എന്റെ കൂടെ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി
അറിയിക്കുന്നു. 48 വര്‍ഷത്തെ സിനിമ ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ അവാര്‍ഡാണിത്. ഇതിനു മുന്‍പ് ഈ അവാര്‍ഡ് കിട്ടിയത് മഹാരഥന്‍മാര്‍ക്ക്, കൂടെയുള്ള എല്ലാവരെയും ഓര്‍ക്കുന്നു, ഇന്ത്യന്‍ സിനിമയിലെ അവാര്‍ഡ് മലയാള സിനിമയ്ക്കു ലഭിച്ചതില്‍ സന്തോഷം. ഞാന്‍ പ്രവര്‍ത്തിക്കുന്ന മേഖലയാണ് എനിക്ക് ഈശ്വരന്‍. അതുകൊണ്ടാണ് ഈശ്വരന്‍ തന്ന അവാര്‍ഡ് എന്ന് പറയുന്നത്. നമ്മളുടെ പ്രവര്‍ത്തി മണ്ഡലത്തില്‍ നമ്മള്‍ കാണിക്കുന്ന സത്യസന്ധത കൂടിയുണ്ട്. ഈ അവാര്‍ഡ് എല്ലാവരുമായി ഞാന്‍ പങ്കു വയ്ക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചപ്പോഴാണ് താന്‍ കാര്യമറിയുന്നത്. സിനിമയെന്നത് മാജിക്കാണ്. 48 വര്‍ഷം സിനിമയില്‍ നില്‍ക്കുകയെന്നത് സര്‍ക്കസ് ആണ്. സിനിമയല്ലാതെ വേറ ജോലിയൊന്നും തനിക്കറിയില്ലെന്നും ഇനിയും മെച്ചപ്പെട്ട സിനിമ ചെയ്യുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു നടന്‍.
അതേസമയം സിനിമ- സാംസ്‌കാരിക രംഗത്തെ നിരവധി പേരാണ് മോഹന്‍ലാലിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാര സ്വന്തമാക്കുന്ന ആദ്യ മലയാള നടനാണ് മോഹന്‍ലാല്‍.
23നു ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരസ്‌കാരം സമ്മാനിക്കും.
