റാന്നി: ആഗോള അയ്യപ്പസംഗമത്തില്‍ പങ്കെടുത്തു മടങ്ങിയ ഓര്‍ക്കസ്ട്ര സംഘത്തിലെ യുവാവ് കാര്‍ അപകടത്തില്‍ മരിച്ചു. കാര്‍ ഓടിച്ചിരുന്ന തിരുവനന്തപുരം വെള്ളറട കൊങ്ങല്‍ കോട് അനുഗ്രഹ ഭവനില്‍ രാജുവിന്റെ മകന്‍ ബിനിറ്റ് രാജാ (21) ണ് മരിച്ചത്. ഒപ്പം യാത്ര ചെയ്തിരുന്ന നെടുമങ്ങാട് പ്ലാത്തറ വീട്ടില്‍ രജീഷ് (32), അടൂര്‍ കരുവാറ്റ ഡോണി എന്നിവരെ സാരമായ പരിക്കുകളോടെ റാന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കിയശേഷം വിദഗ്ധ ചികിത്സകള്‍ക്കായി കോഴഞ്ചേരിയിലെ സ്വകാര്യശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് മൂന്നരയോടെ സംസ്ഥാന പാതയില്‍ റാന്നി മന്ദിരം പടിക്കു സമീപം ആണ് അപകടം. ഫോര്‍ച്യൂണര്‍ കാറും മാരുതി ഓള്‍ട്ടോയും കൂട്ടിയിടിക്കുകയായിരുന്നു. പമ്പയില്‍ അയ്യപ്പ സംഗമത്തില്‍ കലാപരിപാടിക്ക് ഓര്‍ക്കസ്ട്ര നടത്തിയവരാണ് അപകടത്തില്‍പ്പെട്ട കാറില്‍ ഉണ്ടായിരുന്നത്. റാന്നി ഭാഗത്തു നിന്ന് പോയ ആള്‍ട്ടോ കാറിലേക്ക് പത്തനംതിട്ട ഭാഗത്തുനിന്ന് വന്ന റാന്നി കരികുളം സ്വദേശിയുടെ ഫോര്‍ച്ച്യൂണര്‍ കാറാണ് ഇടിച്ചു കയറിയത്. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.കാറിന്റെ മുന്‍വശം വെട്ടിപ്പൊളിച്ചാണ് കാറിനുള്ളിൽ ഉണ്ടായവരെ പുറത്തെടുത്തത്.
