പമ്പ: ആഗോള അയ്യപ്പസംഗമം പുണ്യനദിയായ പമ്പാനദീ തീരത്ത് ആരംഭിച്ചു. സംഗമത്തില്‍ പങ്കെടുക്കാനായതില്‍ അതീവ സന്തുഷ്ടനാണെന്ന് സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
തമിഴ്നാട്ടിലെ രണ്ടു മന്ത്രിമാരും സംസ്ഥാനത്തെ ചില മന്ത്രിമാരും ചില സമുദായ നേതാക്കളും ഭക്താഭിമാനികളും സംഗമത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട ഗോത്ര പാരമ്പര്യവും രാമ-ലക്ഷ്മണന്‍മാരുടെയും അധസ്ഥിത വിഭാഗങ്ങളുടെയും ഐതിഹ്യങ്ങളും മുഖ്യമന്ത്രി എടുത്തുകാട്ടി. ഭഗവദ്ഗീതയിലെ 12-ാം അധ്യായത്തിലെ 13 മുതല്‍ 20വരെയുള്ള എട്ടു ശ്ലോകങ്ങള്‍ മുഖ്യമന്ത്രി വായിച്ചു വ്യാഖ്യാനിച്ചു. എല്ലാത്തിനും മിത്രമായിരിക്കുന്നവരും എല്ലാവരോടും ദയയുള്ളവരും എല്ലാം സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നവരുമാണ് യഥാര്‍ത്ഥ ഭക്തരെന്ന് ശ്ലോകങ്ങള്‍ വ്യാഖ്യാനിച്ചു കൊണ്ടു മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെയുള്ളവരുടെ സംഗമമാണ് ആഗോള അയ്യപ്പസംഗമം. ജാതിമത ചിന്തകള്‍ക്കും വിശ്വാസങ്ങള്‍ക്കും അപ്പുറം എല്ലാവരും ശബരിമല തീര്‍ത്ഥാടനത്തില്‍ സംഗമിക്കുന്നു.

കല്ലുംമുള്ളും കാലുക്കുമെത്തയെന്നു പാടിക്കൊണ്ടു കാനന വഴികള്‍ ഭക്തജനങ്ങള്‍ താണ്ടിക്കയറുന്നു. ഉപനിഷത്തുകളെയും മുഖ്യമന്ത്രി ഉദ്ധരിച്ചു. ഞാനും നീയും ഒന്നാണെന്നു ഉപനിഷത്തുകള്‍ പറയുന്നു. ആരും അന്യരല്ല, അന്യരില്ല, എന്നാണ് ഇതിനര്‍ത്ഥം. അന്യനെക്കൂടി ഉള്‍ക്കൊള്ളുകയും അന്യനോടൊപ്പം ചേര്‍ന്നു നില്‍ക്കുകയും ചെയ്യുമ്പോള്‍ എല്ലാവരും ഒന്നാണെന്ന ബോധം ഉണ്ടാവുന്നു. അതാണ് ശബരിമല- മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അയ്യപ്പന്റെ ഉറക്കപ്പാട്ടാണ്് ഹരിവരാസനമെന്നു മുഖ്യമന്ത്രി അനുസ്മരിച്ചു. സന്നിധാനത്തിലേക്കുള്ള യാത്ര വാവര്‍നടയിലൂടെയാണ്. അതിനുമുമ്പുള്ള ശബരിമലപാത ഭാഗങ്ങളിലുള്ള ക്രൈസ്തവ ദേവാലയങ്ങളിലും അയ്യപ്പ ഭക്തര്‍ നേര്‍ച്ച നല്‍കുകയും കാണിക്ക സമര്‍പ്പിക്കുകയും ചെയ്യുന്നു.
ഇങ്ങനെയുള്ള ഭക്തിയും സമഭാവനയും ആത്മീക ഒരുമയും ലോകത്തു മറ്റെവിടെയാണ് കാണാനുള്ളതെന്നു മുഖ്യമന്ത്രി ചോദിച്ചു.
ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ, മാതാതീത രീതിയില്‍ ഇത്തരം ഒരു ആരാധനാ കേന്ദ്രം മറ്റെവിടെയാണുള്ളതെന്നു മുഖ്യമന്ത്രി ആരാഞ്ഞു. അയ്യപ്പ ഭക്തന്മാര്‍ ലോകമെമ്പാടുമുള്ളതുകൊണ്ടാണ് ആഗോള സമ്മേളനം നടത്തുന്നത്. ആദ്യകാലങ്ങളില്‍ കേരളത്തിലുള്ളവരാണ് ശബരിമല തീര്‍ത്ഥാടനം നടത്തിയിരുന്നത്. പിന്നെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ആരാധകരെത്താന്‍ തുടങ്ങി. പിന്നെ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നു ഭക്തജനപ്രവാഹമാരംഭിച്ചു. ഇപ്പോള്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നു ഭക്തജനങ്ങള്‍ ശബരിമലയിലേക്കു വന്നുകൊണ്ടിരിക്കുന്നു. സംഗമത്തിനു സിംഗപ്പൂരില്‍ നിന്നും മലേഷ്യയില്‍ നിന്നും ഭക്തനജനങ്ങള്‍ വിളിച്ചു ആശംസ അറിയിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി വെളിപ്പെടുത്തി.
ഇത്തരത്തില്‍ ലോക ചൈതന്യ കേന്ദ്രമായി മാറുന്ന ശബരിമലയില്‍ തീര്‍ത്ഥാടകരുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് ശബരിമല മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഇനി എന്തൊക്കെ വരാനിരിക്കുന്നു. വിമാനത്താവളം, ഹോട്ടലുകള്‍, റോഡുകള്‍, ആശുപത്രികള്‍ തുടങ്ങി സകല അടിസ്ഥാന- ആധുനിക സൗകര്യങ്ങള്‍ക്കുമുള്ള കോടികളുടെ പദ്ധതികള്‍ മുഖ്യമന്ത്രി വിശദീകരിച്ചു.
ഇതിനെ എതിര്‍ക്കുന്നവര്‍ ഭക്തരല്ലെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അവര്‍ക്കു ഭക്തിയുടെ മറവില്‍ രാഷ്ട്രീയ അജണ്ടയാണുള്ളതെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.