പമ്പ: തിരുവിതാംകൂർ ദേവസ്വം സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം ഇന്ന് നടക്കും. ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്ച രാത്രി തന്നെ പമ്പയിൽ എത്തി.പമ്പയിൽ ഒരുക്കങ്ങളെല്ലാം നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു. അയ്യപ്പ സംഗമത്തിനായുള്ള ക്ഷണം തമിഴ്നാട് സർക്കാർ മാത്രമാണ് സ്വീകരിച്ചിട്ടുള്ളത്. കേരളത്തിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും മാത്രമാണ് ചടങ്ങിലെ മറ്റ് ക്ഷണിതാക്കൾ. കേരളത്തിലെ പ്രതിപക്ഷവും ബി ജെ പിയും അയ്യപ്പ സംഗമം ബഹിഷ്കരിച്ചിട്ടുണ്ട്. ബഹിഷ്കരിക്കുന്ന പ്രതിപക്ഷം ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ അഭിപ്രായപ്പെട്ടിരുന്നു. മൂന്ന് പ്രധാന കേന്ദ്രങ്ങളിൽ പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിൽ ജർമൻ ഹാങ്ങർ പന്തൽ തയ്യാറായി. പമ്പ മണപ്പുറത്തെ 43,000 ചതുരശ്രയടിയുള്ള പ്രധാന വേദിയിലാണ് ഉദ്ഘാടന, സമാപന സമ്മേളനം. വിവിധ രാജ്യങ്ങളിൽ നിന്നുൾപ്പെടെ 3,000 പ്രതിനിധികൾക്ക് ഇവിടെയാണ് ഇരിപ്പിടം. തറനിരപ്പിൽ നിന്ന് നാലടി ഉയരത്തിൽ 2,400 ചതുരശ്രയടിയിലാണ് സ്റ്റേജ്. ഇതിനോട് ചേർന്ന് ഗ്രീൻ റൂമുമുണ്ട്. മീഡിയ റൂമുൾപ്പെടെ പ്രധാന വേദിയോട് ചേർന്നാണ്.പമ്പയുടെ പവിത്രത കാത്തുസൂക്ഷിച്ച് മണപ്പുറത്തിന്റെ സ്വാഭാവിക ഘടനയ്ക്ക് ദോഷം വരാതെ പൂർണമായും ഹരിത ചട്ടം പാലിച്ചാണ് പന്തൽ നിർമിച്ചത്. തറയിൽ നിന്ന് ഒരടി ഉയരത്തിൽ പ്ലൈവുഡിലാണ് പ്ലാറ്റ്ഫോം. ഹിൽടോപ്പിൽ രണ്ട് പന്തലുണ്ട്. പാനൽ ചർച്ചയ്ക്കായി 4,500 ചരുരശ്രയടിയിലും ഭക്ഷണം കഴിക്കാനായി 7,000 ചതരുശ്രയടിയിലുമാണ് ഇവിടെ പന്തൽ. പമ്പ തീരത്തും ഭക്ഷണ സൗകര്യമുണ്ട്. ഇതിനായി 7,000 ചതുരശ്രയടിയിൽ ജർമൻ ഹാങ്ങർ പന്തൽ നിർമിച്ചിട്ടുണ്ട്. കൂടാതെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പ്രദർശന മേള സംഘടിപ്പിക്കാനായി 2,000 ചതുരശ്രയടിയിൽ മറ്റൊരു പന്തലുമുണ്ട്. ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ച്ചർ ആന്റ് കൺസ്ട്രക്ഷനാണ് നിർമാണ ചുമതല. മാലിന്യ നിർമാർജനമടക്കം ഇവർ നിർവഹിക്കും. സംഗമത്തിന് ശേഷം പന്തൽ പൂർണമായും അഴിച്ചുമാറ്റും.
