തൃശൂര്‍: മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്തിയ 20 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. ആലുവ സ്വദേശി റിച്ചു ആണ് എക്‌സൈസിന്റെ പിടിയിലായത്. ബംഗളൂരുവില്‍ നിന്നും ട്രെയിന്‍ മാര്‍ഗം തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന. ആദ്യഘട്ടത്തില്‍ യുവാവിനെ പരിശോധിച്ചപ്പോള്‍ എംഡിഎംഎ കണ്ടെത്തിയില്ല. പിന്നീട് ഇയാളെ തൃശ്ശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ സ്‌കാനിംഗില്‍ ആണ് മയക്കുമരുന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഓപ്പറേഷന്‍ തിയേറ്ററില്‍ കയറ്റി സര്‍ജന്റെ സഹായത്തോടെയാണ് മയക്കുമരുന്ന് പുറത്തെടുത്തത്. ഇയാള്‍ നേരത്തെയും മയക്കുമരുന്ന് കടത്തിയിട്ടുള്ള ആളാണെന്ന് എക്‌സൈസ് അറിയിച്ചു. റെയില്‍വേ സ്റ്റേഷനില്‍ എത്തി ഇടപാടുകാരനെ കാത്തുനില്‍ക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെ എക്‌സൈസ് സംഘം പരിശോധിക്കും. ബംഗളൂരുവില്‍ എവിടെനിന്നാണ് എംഎഡിഎംഎ ലഭിച്ചതെന്നും കൈമാറാന്‍ ആരെയാണ് കാത്തുനിന്നത് എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എക്‌സൈസ് അന്വേഷിക്കും.
