കാസർകോട്: മാലിന്യ സംസ്‌കരണ രംഗത്തെ നിയമലംഘനങ്ങള്‍ തടയുന്നതിനായി ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ കടകൾക്കും ഹോട്ടലുകൾക്കും പിഴ ചുമത്തി. നിരോധിത ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉത്പ്പന്നങ്ങള്‍ പിടിച്ചെടുത്തു. മുളിയാര്‍ പഞ്ചായത്തിലെ മാസ്ത്തിക്കുണ്ടിലെ മാര്‍ട്ട്, ചെങ്കളയിലെ റഹ്‌മാനിയ നഗറിലെ സൂപ്പര്‍ മാര്‍ക്കറ്റ്, നായന്മാര്‍മൂലയിലെ ഏജന്‍സീസ് എന്നിവിടങ്ങളിലെ ഉടമകള്‍ക്ക് 10,000 രൂപ വീതം പിഴ ചുമത്തി. ഒറ്റത്തവണ ഉപയോഗിക്കുന്ന നിരോധിത പ്ലേറ്റുകളും ഗ്ലാസുകളും പ്രകൃതിക്ക് ദോഷകരമാണെന്നതിനാല്‍ ജില്ലയില്‍ പരിശോധനകള്‍ ശക്തമായി തുടരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.ബോവിക്കാനം ഹോട്ടലില്‍ മലിനജലം തുറസ്സായിടത്ത് കെട്ടിനില്‍ക്കുകയും ദുര്‍ഗന്ധം പരത്തുകയും ചെയ്തതിനാല്‍ 7,000 രൂപ പിഴ ചുമത്തി. അഞ്ചു ദിവസത്തിനകം പരിഹാര നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശവും നല്‍കി. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിനാല്‍ ഉളിയത്തടുക്കയിലെ സൂപ്പര്‍ മാര്‍ക്കറ്റ്, സ്റ്റോര്‍, ഫാമിലി മാര്‍ക്കറ്റ്, കാഞ്ഞങ്ങാട് സൂപ്പര്‍മാര്‍ക്കറ്റ്, ചെറുവത്തൂര്‍ കോംപ്ലക്സ് എന്നിവിടങ്ങളിലെ ഉടമകള്‍ക്ക് 20,000 രൂപ പിഴ ചുമത്തിയിട്ടുണ്ട്. പരിശോധനയ്ക്ക് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡര്‍ കെ.വി. മുഹമ്മദ് മദനി, അംഗം ടി.സി. ഷൈലേഷ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സജിത എം, രശ്മി കെ, അഭിജിത് എന്നിവര്‍ നേതൃത്വം നല്‍കി.
