കാസര്‍കോട്: നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ അധികൃതര്‍ നടപടി ആരംഭിച്ചു. ട്രാഫിക് പരിഷ്‌കരണത്തിന്റെ ഭാഗമായി പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് ബസുകള്‍ കയറുന്നതിനും ഇറങ്ങുന്നതിനും പൊലീസ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിത്തുടങ്ങി. ഇനി മുതല്‍ എല്ലാ ഭാഗത്തുനിന്നും വരുന്ന ബസുകളും പഴയ ഇന്ത്യന്‍ കോഫീ ഹൗസ് വഴി ബസ് സ്റ്റാന്‍ഡിനകത്ത് പ്രവേശിക്കണം. ആളുകളെ കയറ്റിയതിനു ശേഷം പ്രധാന കവാടം വഴി പുറത്തിറങ്ങണം. വ്യാഴാഴ്ച മുതലാണ് പരിഷ്‌കാരം ആരംഭിച്ചത്. ബസ് കയറുന്ന സ്ഥലത്തും പുറത്തിറങ്ങുന്ന പ്രധാന കവാടത്തിലും കുറച്ചുദിവസം നിര്‍ദേശം നല്‍കാന്‍ പൊലീസ് ഉണ്ടാവും. നേരത്തെ മംഗളൂരുവില്‍ നിന്നും പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്നും വരുന്ന ബസുകള്‍ പ്രധാന കവാടം വഴിയാണ് സ്റ്റാന്‍ഡിനകത്ത് പ്രവേശിച്ചിരുന്നത്. ഇത് വലിയ ഗതാഗത കുരുക്കിന് വഴി വച്ചിരുന്നു. ചെര്‍ക്കള ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ ഇനി റോഡരികില്‍ ആളുകളെ ഇറക്കുന്ന രീതി നടക്കില്ല. ബസ് സ്റ്റാന്‍ഡിനകത്ത് കയറി ആളുകളെ ഇറക്കണം. നിരവധി അപകടങ്ങള്‍ സംഭവിച്ചതിനെ തുടര്‍ന്നാണ് പുതിയ പരിഷ്‌കാരം ഏര്‍പ്പെടുത്തിയതെന്ന് ട്രാഫിക് എസ് ഐ രവീന്ദ്രന്‍ കൊട്ടോടി പറഞ്ഞു. നിയമലംഘനം നടത്തുന്ന ബസുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ട്രാഫിക് പൊലീസ് അറിയിച്ചു.
