കാസര്‍കോട്: വീട്ടില്‍ നിന്ന് മദ്യവും പണവും പിടികൂടിയ സംഭവത്തിലെ പ്രതിയായ വീട്ടുടമസ്ഥനെ പൊലീസ് സാഹസീകമായി പിടികൂടി. നിരവധി അബ്കാരി കേസുകളില്‍ പ്രതിയായ കുമ്പള, കുണ്ടങ്കേരടുക്ക ലക്ഷ്മിനിവാസിലെ പ്രഭാകരന്‍ എന്ന അണ്ണി പ്രഭാകര(52)നെയാണ് കുമ്പള പൊലീസ് അറസ്റ്റുചെയ്തത്. മദ്യശേഖരം ഉണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് കുമ്പള പൊലീസ് ഇന്‍സ്പെക്ടര്‍ പി കെ ജിജീഷിന്റെ നിര്‍ദ്ദേശപ്രകാരം എസ് ഐ കെ ശ്രീജേഷും സംഘവും വ്യാഴാഴ്ച വൈകുന്നേരം ആറുമണിയോടെ പ്രഭാകരന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. ചുമരില്‍ രഹസ്യമായി ഉണ്ടാക്കിയ അറയില്‍ സൂക്ഷിച്ചിരുന്ന മദ്യവും 32,970 രൂപയും പൊലീസ് പിടികൂടിയിരുന്നു. പൊലീസിനെ കണ്ടതോടെ പ്രഭാകരന്‍ വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തുറന്നു ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതി വീട്ടിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് വെളളിയാഴ്ച രാവിലെ പൊലീസ് സ്ഥലത്തെത്തി. പൊലീസ് വീട് വളഞ്ഞതറിഞ്ഞ പ്രഭാകരന്‍
മതില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നാലെ പൊലീസെത്തിയപ്പോള്‍ വീണ്ടും വീട്ടിനകത്ത് കയറി ഒളിച്ചു. അകത്ത് കയറിയ പൊലീസുമായി പ്രതി മല്‍പിടുത്തത്തിലായി. ഒടുവില്‍ സാഹസീകമായി കീഴ്‌പ്പെടുത്തി പൊലീസ് അറസ്റ്റുചെയ്തു. ഇന്‍സ്പെക്ടര്‍ പി കെ ജിജീഷിന്റെ നേതൃത്വത്തില്‍ എസ്.ഐ കെ ശ്രീജേഷ്, പ്രൊബേഷന്‍ എസ്‌ഐ ആനന്ദകൃഷ്ണന്‍, പൊലീസുകാരായ സുധാകരന്‍, പ്രജീഷ്, ബിജു, ഫെബിന്‍ എന്നിരാണ് പ്രതിയെ പിടികൂടാനെത്തിയത്.
