കണ്ണൂര്‍: ബഹുമാനപ്പെട്ട എന്ന അഭിസംബോധന നിര്‍ബന്ധമാക്കി കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ കഥാകൃത്ത് ടി പത്മനാഭന്‍. ‘പൊരുതാം നമുക്ക് ലഹരിക്കെതിരെ’ എന്ന മുദ്രാവാക്യവുമായി രമേശ് ചെന്നിത്തല വെള്ളിയാഴ്ച കണ്ണൂരില്‍ നടത്തിയ സമൂഹ നടത്ത പരിപാടി ഉദ്ഘാടനം ചെയ്തുസംസാരിക്കുന്നതിനിടയിലാണ് ടി പത്മനാഭന്റെ പരിഹാസം.
മന്ത്രിയെ ബഹു.ചേര്‍ത്ത് വിളിച്ചില്ലെങ്കില്‍ പൊലീസ് പിടിക്കും. പൊലീസ് പിടിച്ചാല്‍ മര്‍ദ്ദിക്കും. 97 വയസ്സായത് കൊണ്ട് പൊലീസിന്റെ പിടിയിലാകാന്‍ ആഗ്രഹമില്ല. അതുകൊണ്ട് ബഹുമാനം ഇല്ലെങ്കിലും എക്‌സൈസ് മന്ത്രിയെ ബഹു. ചേര്‍ത്തുവിളിക്കുന്നു. കള്ള് ഉള്‍പ്പെടെ എല്ലാം ലഹരിയാണ്. ലഹരി വിപത്തിനെതിരെയാണ് പോരാട്ടമെങ്കില്‍ എലപ്പുള്ളി ബ്രൂവറിയില്‍ നിന്നു സര്‍ക്കാര്‍ പിന്മാറണം -ടി പത്മനാഭന്‍ പറഞ്ഞു. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ബഹുമാനപ്പെട്ട എന്ന് പറഞ്ഞേ പറ്റു. ഇല്ലെങ്കില്‍ ജയിലില്‍ പോകേണ്ടി വരും. ജയിലില്‍ പോയാല്‍ പൊലീസുകാരുടെ ഒറ്റ അടിക്ക് ചത്തുപോകും. സത്യത്തില്‍ ബഹുമാനമൊന്നുമില്ല. നിയമം അനുശാസിക്കുന്നത് കൊണ്ട് മാത്രം ബഹുമാനപ്പെട്ട എന്നു പറയന്നു. എലപ്പുള്ളിയില്‍ ബ്രൂവറി സ്ഥാപിക്കാനുള്ള തീരുമാനത്തില്‍ നിന്നു ബഹു. എക്‌സൈസ് മന്ത്രി പിന്‍മാറണം-ടി പത്മനാഭന്‍ കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ പ്രമുഖ വ്യക്തികള്‍ സംബന്ധിച്ചു.
